താനൊരു ചൗക്കീദാര്‍ അല്ലെന്നും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറേ

മുംബൈ: താനൊരു ചൗക്കീദാര്‍ അല്ലെന്നും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറേ. മുതിര്‍ന്ന ശിവസേനാ നേതാവ് സജ്ഞയ് റൗത്തുമായുള്ള അഭിമുഖത്തിലാണ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കിയത്. ശിവ സൈനികനായാണ് ജനിച്ചത്. അതുകൊണ്ട് തന്നെ താനൊരു ചൗക്കീദാര്‍ അല്ല സൈനികനാണെന്ന് താക്കറെ പറയുന്നു. 

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയൊരു അഞ്ചുവര്‍ഷം കൂടി നല്‍കണമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരോഗതിയില്ലെങ്കില്‍ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തുമെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ബിജെപിയോട് സഖ്യം ചേരുകയായിരുന്നു ശിവസേന. എന്നാല്‍ ബിജെപിയുടെ സഖ്യകക്ഷിയായതിന് ശേഷവും നിരന്തരം ബിജെപിക്ക് എതിരെ ആക്രമണം നടത്തുകയാണ് ശിവസേന.