Asianet News MalayalamAsianet News Malayalam

രാജ്യത്ത് കാമ്പസ് തുറക്കാൻ താത്പര്യം പ്രകടിപ്പിച്ച് ആദ്യ വിദേശ സര്‍വകലാശാലയെത്തി; ശുപാർശയ്ക്ക് കമ്മിറ്റി

കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് ക്യാമ്പസ് തുറക്കുന്നതിന് അപേക്ഷ നൽകാൻ യുജിസി പ്രത്യേക പോര്‍ട്ടൽ ആരംഭിച്ചത്.

UGC gets application from first foreign university to start campus in India and formulated a committee afe
Author
First Published Feb 7, 2024, 2:51 PM IST

ദില്ലി: ഇന്ത്യയിൽ വിദേശ സർവകലാശാല ക്യാമ്പസിന് യു.ജി.സി ചട്ടങ്ങൾ പ്രകാരം ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കൺ സർവകലാശാലയാണ് ഹൈദരാബാദിൽ തങ്ങളുടെ ക്യാമ്പസ് തുറക്കാൻ അനുമതി തേടിയത്. ഇതുപ്രകാരം അനുമതി സംബന്ധിച്ച ശുപാർശ നല്‍കുന്നതിനായി അഞ്ചംഗ കമ്മറ്റിയെ യുജിസി നിയോഗിച്ചു. 

യുജിസിയുടെ പുതിയ നയപ്രകാരം ലഭിച്ച ആദ്യ അപേക്ഷയാണ് മലേഷ്യയിലെ ലിങ്കൺ സർവകലാശാലയിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് ക്യാമ്പസ് തുറക്കാൻ വിദേശ സര്‍വകലാശാലകളിൽ നിന്ന് യുജിസി താൽപര്യപ്പത്രം ക്ഷണിച്ചത്. ഇതിനായി പ്രത്യേക വെബ്‍പോര്‍ട്ടലും ആരംഭിച്ചിരുന്നു. ഇപ്പോൾ ലഭിച്ച അപേക്ഷയുടെ കാര്യത്തിൽ അഞ്ചംഗ കമ്മിറ്റി ഉടനെ തീരുമാനം അറിയിക്കുമെന്നാണ് സൂചന. 

അതേസമയം കേരളത്തിൽ വിദേശ സര്‍വകലാശകള്‍ക്ക് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന ബജറ്റ് പരാമ‍ർശത്തിന് പിന്നാലെ വിവാദങ്ങള്‍ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യാതെ ഇത്തരമൊരു പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിൽ നടത്തിയതിൽ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് അതൃപ്തിയുണ്ട്. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട് വെച്ച നിർദ്ദേശമാണ് ബജറ്റിൽ പരിഗണിച്ചത്. എന്നാൽ വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു പ്രതികരിച്ചു.

സ്വകാര്യ സർവ്വകലാശാലക്ക് അനുമതി നൽകാനുള്ള നയം മാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്. എന്നാൽ വിദേശ സർവ്വകലാശാലക്ക് അനുമതി നൽകുന്ന 2023 ലെ യുജിസി റഗുലേഷൻ വന്നപ്പോൾ മുതൽ സിപിഎം ഉയർത്തിയത് വലിയ എതിർപ്പായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം വന്നത്. യുജിസി റഗുലേഷൻ വന്നതോടെ വിദേശ സർവ്വകലാശാല ക്യാമ്പസ് തുടങ്ങാൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ട. പക്ഷേ ഇടത് മുന്നണി സർക്കാ‍ർ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios