Asianet News MalayalamAsianet News Malayalam

വിദേശ സർവകലാശാല; ഇന്ത്യയിൽ ആരംഭിക്കുന്നതിനായുള്ള കരട് മാര്‍ഗ്ഗ രേഖ പുറത്തിറക്കി യുജിസി


പത്ത് വർഷത്തേക്കാണ് വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാൻ ആദ്യഘട്ടത്തിൽ അനുമതി. ഒമ്പതാം വർഷം സര്‍വകലാശാലയുടെ പ്രകടനം കണക്കിലെടുത്താകും പത്താം വര്‍ഷം തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നൽകുക. 

UGC released draft guidelines for starting foreign universities in India
Author
First Published Jan 5, 2023, 2:51 PM IST

ദില്ലി: വിദേശ സർവകലാശാലകളുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിക്കുന്നതിനായുള്ള കരട് മാര്‍ഗ്ഗ രേഖ യുജിസി പുറത്തിറക്കി. ഇതിനായി വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ 45 ദിവസത്തിനുള്ളില്‍ പരിഗണിച്ച് യു ജി സി അനുമതി നല്‍കും. ഇങ്ങനെ യു ജി സി അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കണമെന്നും കരട് മാര്‍ഗ്ഗ രേഖയില്‍ പറയുന്നു. 

യുജിസി അനുമതിയോടെ മാത്രമേ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാനാകാന്‍ കഴിയൂ. രാജ്യത്ത് ആരംഭിക്കുന്ന എല്ലാ വിദേശ സർവകലാശാലകൾക്കും ആദ്യ ഘട്ടത്തിൽ ഓഫ് ലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയെന്നും   യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു. അതാത് സര്‍വകലാശാലകള്‍ക്ക് സ്വന്തം  പ്രവേശന പ്രക്രിയ നടപ്പാക്കാനുള്ള അനുമതിയുണ്ടാകും. 

 

പത്ത് വർഷത്തേക്കാണ് വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാൻ ആദ്യഘട്ടത്തിൽ അനുമതി. ഒമ്പതാം വർഷം സര്‍വകലാശാലയുടെ പ്രകടനം കണക്കിലെടുത്താകും പത്താം വര്‍ഷം തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നൽകുക. ഇതിനായി ചില നിബന്ധനകളും യുജിസി പുറത്തിറക്കുമെന്നും എം  ജഗദീഷ് കുമാർ അറിയിച്ചു. സർവ്വകലാശാലകൾക്ക് അവരുടേതായ പ്രവേശന പ്രക്രിയ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെങ്കിലും  ഇന്ത്യൻ കാമ്പസുകളിൽ നൽകുന്ന വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം അവരുടെ പ്രധാന കാമ്പസിന് തുല്യമാണെന്ന് ഉറപ്പാക്കണം. 

ഇത്തരം സര്‍വകലാശാലകളുടെ ഫീസ് ഘടന അതാത് സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം. എന്നാൽ ഫീസ് ഘടന സുതാര്യവും ഇന്ത്യൻ സാഹചര്യത്തിനും അനുസരിച്ചാണെന്ന് സർവകലശാലകൾ ഉറപ്പ് വരുത്തണമെന്നും  യുജിസി ചെയർമാൻ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും സർവകലാശാലകൾ നൽകണം. സർവകലാശാലകളുടെ പ്രവർത്തനത്തിനായുള്ള വിദേശ ഫണ്ട് സ്വീകരിക്കുന്നത് നിലവിലുള്ള ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് അനുസരിച്ചായിരിക്കും. ഇതെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും യു ജി സിയുടെ അനുമതിയില്ലാതെ ഒരു വിദേശ സർവകലാശാലകളെയും ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ അനുവദിക്കില്ലെന്നും യു ജി സി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios