മുംബൈ: ലോക്ക്ഡൗണിൽ ജോലി നഷ്ടമായതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം നാടുകളിലേക്ക് പാലായനം നടത്തുകയാണ്. എന്നാൽ, സ്വന്തം വീടുകളിലേക്ക് പോകാതെ ലോക്ക്ഡൗണിൽ ദുരുതമനുഭവിക്കുന്നവർക്ക് ആഹാരം പാകം ചെയ്ത് നൽകുകയാണ് അതിഥി തൊഴിലാളികളായ നാല് സുഹൃത്തുക്കൾ. ദിവസേന 45- 50 വരെയുള്ള കുടുംബങ്ങൾക്കാണ് ഇവർ ആഹാരം നൽകുന്നത്.

മുഹമ്മദ് അലി സിദ്ദിഖി, ഇർഫാൻ ഖാൻ, തബ്രെസ് ഖാൻ, അബ്ദുല്ല ഷെയ്ക്ക് എന്നീ സുഹൃത്തുക്കളാണ് ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നത്. നവി മുംബൈയിലെ ആന്റോപ്പ് ഹിൽ എന്ന സ്ഥലത്താണ് ഈ മാതൃകാപരമായ സംഭവം. 

"ലോക്ക്ഡൗണിന് മുമ്പ് ഞാൻ വഡാലയിലെ ആന്റോപ്പ് ഹില്ലിന് സമീപം വസ്ത്രങ്ങൾ വിൽക്കാറുണ്ടായിരുന്നു. എന്നാൽ, ഈ വർഷം മാർച്ചിനുശേഷം ഒരു ജോലിയും ഉണ്ടായില്ല. ഞാനും എന്റെ സുഹൃത്തുക്കളായ ഇർഫാൻ ഖാൻ, തബ്രെസ് ഖാൻ, അബ്ദുല്ല ഷെയ്ഖ് എന്നിവരും നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. പിന്നീട് ഞങ്ങളുടെ ചേരി പ്രദേശത്തുള്ളവർക്കായി പാചകം ചെയ്യുന്നതിനായി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. താമസിയാതെ ഞങ്ങൾ ഹിമ്മത്ത് നഗറിലെ പാവപ്പെട്ട അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി"മുഹമ്മദ് അലി സിദ്ദിഖി പറയുന്നു.

കടയുടമകളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമാണ് ഇവർ ആവശ്യത്തിനുള്ള അരി, ഗോതമ്പ് മാവ്, പയർവർഗ്ഗങ്ങൾ എന്നിവ ശേഖരിച്ചത്. ചിലർ യുവാക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ് പച്ചക്കറികൾ നൽകാനും തുടങ്ങി. ഇതിൽ നിന്നുമാണ് ഇവർ അതിഥി തൊഴിലാളികളുടെ വിശപ്പകറ്റിയത്. 

"ഞാൻ നേരത്തെ അന്ധേരിയിൽ ഒരു ഫാഷൻ ഡിസൈനറായി ജോലി ചെയ്തിരുന്നു. ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടമായി. അപ്പോഴാണ് ഞങ്ങളുടെ ചേരിയിലെ പാവപ്പെട്ട, പട്ടിണി കിടക്കുന്ന കുടുംബങ്ങളുടെ ആശങ്കയെക്കുറിച്ച് എന്റെ സുഹൃത്ത് മുഹമ്മദ് അലി എന്നോട് പറഞ്ഞത്. പിന്നീട് ഈ സംരംഭത്തിൽ പങ്കാളിയാകാൻ ഞാൻ തീരുമാനിച്ചു. ഞങ്ങൾ ഈ ലോക്ക്ഡൗൺ കാലം നന്നായി ചെലവഴിച്ചതിൽ എനിക്ക് സന്തോഷമുണ്ട്," ഇർഫാൻ ഖാൻ പറഞ്ഞു.