2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആര്‍എസ് തൊഴില്‍ രഹിതര്‍ക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആര്‍ എസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതുമായിരുന്നു ഇത്. വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷത്തോളം കാല താമസമുണ്ടായത് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു.

സംസ്ഥാനത്തെ തൊഴില്‍ ഇല്ലാത്തവര്‍ക്കുള്ള വേതനത്തില്‍ (Unemployment Allowance) വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (K Chandrashekar Rao). തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസം തോറും 3016 രൂപ വീതം നല്‍കുമെന്നാണ് തെലങ്കാന (Telangana) സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ഏപ്രില്‍ മാസം മുതല്‍ ഈ തുക ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആര്‍എസ് തൊഴില്‍ രഹിതര്‍ക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആര്‍ എസിന്‍റെ (TRS) തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതുമായിരുന്നു ഇത്.

വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷത്തോളം കാല താമസമുണ്ടായത് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുള്ള നീക്കത്തിലുമാണ് തെലങ്കാന സര്‍ക്കാരുള്ളത്. നിലവില്‍ തൊഴില്‍ ഇല്ലായ്മാ വേതനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പരമാവധി പേര്‍ക്ക് സ്ഥിരവരുമാനം ഉറപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിയായ അറിയിപ്പുകള്‍ ഉടനുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്നതില്‍ യുവജനങ്ങള്‍ക്ക് ഇടയില്‍ പ്രതിഷേധം ശക്തമായിരുന്നു. തെലങ്കാന സര്‍ക്കാരിന്‍റെ സൈറ്റില്‍ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നത് 29 ലക്ഷത്തോളം യുവജനങ്ങളാണ്. എംപ്ലോയ്മെന്‍റ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പത്ത് ലക്ഷത്തോളം ആളുകളാണ്. സര്‍ക്കാര്‍ സൈറ്റുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ വലിയൊരു ശതമാനം ആളുകളും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. തൊഴില്‍ ഇല്ലായ്മ വേതനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാനുള്ള കാലതാമസമാണ് ഇതിന്‍റെ വിതരണത്തിലുണ്ടായ കാലതാമസത്തിന് കാരണമായി ടിആര്‍എസ് സര്‍ക്കാര്‍ വിശദമാക്കുന്നത്.

2020, 2021 വര്‍ഷങ്ങളില്‍ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതില്‍ തടസമുണ്ടാക്കി. പത്ത് ലക്ഷം പേര്‍ തൊഴില്‍ രഹിതരാണെന്ന് കണക്ക് കൂട്ടിയാല്‍ പോലും 3600 കോടി രൂപയാണ് ഇതിലേക്ക് വര്‍ഷം തോറും തെലങ്കാന സര്‍ക്കാരിന് നീക്കി വയ്ക്കേണ്ടി വരിക. അതേസമയം തൊഴില്‍ ഇല്ലായ്മാ വേതനം 2018 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം.