Asianet News MalayalamAsianet News Malayalam

വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം മോ​ദി സർക്കാരിന്‍റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകൾ, ഉറ്റു നോക്കി രാജ്യം

2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്നും ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.

union budget 2024 finance minister Nirmala Sitharaman  will present Budget 2024 today vkv
Author
First Published Feb 1, 2024, 12:05 AM IST

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകൾ മാത്രം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. 

ഇടക്കാല ബജറ്റ് കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കാനാണു സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇത്തവണ. അതിനാൽ 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്നും ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.

എങ്കിലും ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരില്‍ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കുള്ള ലാഡ്‍ലി ബഹൻ യോജന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനകമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും സർക്കാര്‍ തുടരും.

2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റില്‍ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം,ഡിജിറ്റല്‍മേഖലകളും ഊ‍ർജ്ജം പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുന്നു. 

Read More :  കേന്ദ ബജറ്റ് 2024; നികുതിദായകരുടെ പ്രതീക്ഷകൾ ഇവയാണ്

Follow Us:
Download App:
  • android
  • ios