ദില്ലി: നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ബിഎസ്എന്‍എല്ലില്‍ കേന്ദ്രസര്‍ക്കാര്‍ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചു. പുതിയ പദ്ധതി അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎല്ലിനേയും എംടിഎന്‍എല്ലിനേയും ലയിപ്പിച്ച് ഒറ്റകമ്പനിയാക്കും. ലയനനടപടികള്‍ പൂര്‍ത്തിയാക്കും വരെ ബിഎസ്എന്‍എല്ലിന് കീഴിലെ ഉപസ്ഥാപമായി എംടിഎന്‍എല്‍ പ്രവര്‍ത്തിക്കും. 

ഇതോടൊപ്പം ബിഎസ്എൻഎല്‍ ജീവനക്കാര്‍ക്കായി പുതിയ വിആര്‍എസ് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്ലിലെ അന്‍പത്തി മൂന്നര (53 വര്‍ഷവും ആറ് മാസവും ) വയസ് പൂര്‍ത്തിയായ ജീവനക്കാര്‍ക്കായാണ് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. നിര്‍ദിഷ്ട പ്രായപരിധി കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും 60 വയസ് വരെയുള്ള ശമ്പളവും പെന്‍ഷനും ഗ്രാറ്റുവിറ്റിയും കൂടി സര്‍ക്കാര്‍ നല്‍കും. വിരമിക്കുന്ന ജീവനക്കാര്‍ക്ക്  ശമ്പളത്തിന്‍റെ 125 ശതമാനം തുകയും, പെന്‍ഷനും ഗ്രാറ്റുവിറ്റിയും അറുപത് വയസ് വരെ ലഭിക്കും. 

ടെലികോം കമ്പനികളെ കൂടുതല്‍ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കിയത്.  ബിഎസ്എന്‍എല്ലിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ബോണ്ടുകളിലൂടെ 15000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.