Asianet News MalayalamAsianet News Malayalam

വിമാന ടിക്കറ്റ് നിരക്ക് സ്വാഭാവികം, മുൻകൂട്ടി ബുക്ക് ചെയ്താൽ മതിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

അവധിക്കാലത്തെ യാത്രക്കാരുടെ എണ്ണക്കൂടുതൽ മുൻകൂട്ടി കണ്ടാണ് വിമാനക്കമ്പനികൾ പതിവ് കൊള്ളയ്ക്ക് ഇറങ്ങിയിരിക്കുന്നത്

Union Civil Aviation minister Jyotiraditya Scindia justifies Flight fare hike
Author
First Published Dec 19, 2022, 12:55 PM IST

ദില്ലി: വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും പറഞ്ഞു.

അവധിക്കാലത്തെ യാത്രക്കാരുടെ എണ്ണക്കൂടുതൽ മുൻകൂട്ടി കണ്ടാണ് വിമാനക്കമ്പനികൾ പതിവ് കൊള്ളയ്ക്ക് ഇറങ്ങിയിരിക്കുന്നത്. അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍  മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയായിരുന്നു. ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമാണ്. ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് പോകാൻ കൂടുതൽ പേർ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഉയർന്ന നിരക്കുകൾ ഏർപ്പെടുത്തിയത്.

വിമാനം വേണ്ടെന്ന് വച്ച്  അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻ തീരുമാനിച്ചാലും യാത്രക്കാർക്ക് രക്ഷയുണ്ടാവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം ഭീമമായ തുകയാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന അന്തർ സംസ്ഥാന യാത്രകൾക്ക് 3000 മുതൽ 4000 വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. വരും ദിവസങ്ങളിൽ ഇത് ഇനിയും വധിക്കാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios