പ്രതിമാസം ഏകദേശം 2.2 ലക്ഷം ടൺ അധിക ധാന്യമാണ് പദ്ധതിക്ക് വേണ്ടത്. ഭക്ഷ്യധാന്യം നൽകാമെന്ന് ആദ്യം എഫ്സിഐ സമ്മതിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി.

ബെം​ഗളൂരു: കർണാടകക്ക് കേന്ദ്ര സർക്കാർ കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ലെന്ന പരാതിയുമായി സംസ്ഥാന ഭക്ഷ്യമന്ത്രി കെഎച്ച് മുനിയപ്പ. രാഷ്ട്രീയ പ്രേരിതമാണ് ഭക്ഷ്യധാന്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ​ഗോയലുമായി ദില്ലിയിൽ ചർച്ച നടത്തിയതിന് ശേഷമായിരുന്നു മുനിയപ്പയുടെ ആരോപണം. കർണാടകക്ക് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുനിയപ്പ ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പിയൂഷ് ഗോയലുമായി വിഷയം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ഒരുക്കുമെന്നും അമിത് ഷാ സിദ്ധരാമയ്യക്ക് ഉറപ്പ് നൽകിയിരുന്നു.

എഫ്‌സിഐയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളപ്പോൾ എന്തുകൊണ്ടാണ് അരി നൽകാൻ കഴിയാത്തതെന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചെന്ന് മുനിയപ്പ പറഞ്ഞു. കേന്ദ്രത്തിന് ആവശ്യമായത് 135 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്. അതേസമയം അവരുടെ കൈവശം 262 ലക്ഷം ടൺ സ്റ്റോക്ക് ഉണ്ട്. വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നത് വ്യക്തമാണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മന്ത്രി തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുനിയു്ു ആരോപിച്ചു. കർണാടകയിലെ ഓരോ ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 5 കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതി കോൺ​ഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അരി ലഭിക്കുന്ന കാര്യത്തിൽ ഈ ആഴ്ച അവസാനത്തോടെ തീരുമാനമുണ്ടാകും. വൈകിയാലും പദ്ധതി നടപ്പാക്കുമെന്നും മുനിയപ്പ കൂട്ടിച്ചേർത്തു.

അരി ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ, ടെൻഡർ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഖജനാവിന് പ്രതിവർഷം 10,000 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്ന പദ്ധതിയാണ് അന്നഭാ​ഗ്യ. പ്രതിമാസം ഏകദേശം 2.2 ലക്ഷം ടൺ അധിക ധാന്യമാണ് പദ്ധതിക്ക് വേണ്ടത്. ഭക്ഷ്യധാന്യം നൽകാമെന്ന് ആദ്യം എഫ്സിഐ സമ്മതിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. പുറത്തുനിന്ന് അരി സംഭരിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാറിന് അധികം പണം ചെലവാക്കേണ്ടിവരും. 

Read More... കർണാടകയിൽ ആര് പ്രതിപക്ഷ നേതാവാകും? തർക്കം തുടരുന്നു, ബിജെപിയില്‍ ഇനിയും ധാരണയായില്ല