അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വീണ്ടും ആശങ്കയാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം വിളിച്ച് ചേർത്തത്.

ദില്ലി: വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടാൻ നിർദ്ദേശിച്ച് കേന്ദ്രം. വിമാനത്താവളങ്ങളിലെ പരിശോധന വീണ്ടും തുടങ്ങും. മാസ്കുപയോഗിക്കുന്നതും വാക്സിനേഷനും തുടരാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കടുത്ത നിയന്ത്രണം തത്ക്കാലം വേണ്ടെന്നാണ് ഇന്ന് നടന്ന ഉന്നതതല യോഗത്തിലെ വിലയിരുത്തൽ

ചൈന ഉൾപ്പടെ പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു സ്ഥിതി വിലയുരുത്തി. കൊവിഡ് ഭീതി അകന്നിട്ടില്ലെന്നും, ജാഗ്രത കൂട്ടണമെന്നും ആരോഗ്യമന്ത്രി യോഗത്തിന് ശേഷം പറഞ്ഞു. വിദേശത്തു നിന്നുള്ള വിമാനസർവ്വീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യം യോഗം തള്ളി. പകരം രാജ്യാന്തര യാത്രക്കാരിൽ കുറച്ചു പേരുടെ സാമ്പിൾ പരിശോധിക്കുന്നത് വീണ്ടും തുടങ്ങാൻ തീരുമാനമായി. കൊവിഡ് പരിശോധന കൂട്ടാനും, പൊസീറ്റിവാകുന്ന സാമ്പികളുകൾ നിർബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കാനും യോഗത്തിൽ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ചൈനയിൽ രോഗവ്യാപനത്തിന് കാരണമാകുന്ന ബിഎഫ്7 ഇന്ത്യയിൽ മൂന്ന് പേരിൽ സ്ഥിരീകരിച്ചു.

ഗുജറാത്തിലും ഒഡീഷയിലുമാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടത്. ഒമിക്രോണിന്‍റെ ഉപവകഭേദമാ ബിഎഫ് 7ന്‍റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കും. മാസ്ക് ഉപയോഗം ശീലമാക്കണമെന്നും, വാക്സീൻ്റെ കരുതൽ ഡോസ് എടുക്കാത്തവർ ഉടൻ സ്വീകരിക്കണമെന്നും നിതി ആയോഗ് അംഗം വികെ പോൾ യോഗത്തിന് ശേഷം പറഞ്ഞു. നിലവിൽ രാജ്യത്തെ കൊവിഡ് കണക്കുകൾ ആശ്വാസകരമാണെന്നാണ് കേന്ദ്ര വിലയിരുത്തൽ. എന്നാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനാണ് ആരോഗ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരിക്കുന്നത്. 

 'ആശങ്ക സത്യസന്ധമെങ്കിൽ കത്ത് അയക്കേണ്ടത് പ്രധാനമന്ത്രിക്ക്'; ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗെലോട്ട്

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിറുത്തിവയ്ക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. ഗുജറാത്തിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു

വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചു വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്. ഗാന്ധി കുടുംബം രാജ്യത്തെ നിയമങ്ങൾക്ക് മുകളിലാണോ എന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ ചോദിച്ചു.

എന്നാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്. യാത്രയിലെ ജനപിന്തുണ കണ്ടാണ് സർക്കാരിന്‍റെ നീക്കമെന്നും കോൺഗ്രസ് പ്രതികരിച്ചു.