കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ കുത്തനെ ഉയരുകയാണെന്നും ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. 

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗമുക്തി നിരക്ക് 83.83 % ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 20 % ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80 % കൊവിഡ് കേസുകളും. കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ കുത്തനെ ഉയരുകയാണെന്നും ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. 

കൊവിഡ് ഭേദമായ പ്രമേഹരോഗികളിൽ മ്യൂക്കോർ മൈക്കോസിസ് ബാധ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ തെലങ്കാനയിലും 60 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona