കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അസമില്‍ മിഷൻ രഞ്ജൻ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും
ദില്ലി: ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അസമില്‍ മിഷൻ രഞ്ജൻ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ബിഹാറില്‍ മനൻ കുമാര്‍ മിശ്ര, ഹരിയാനയില്‍ കിരണ്‍ ചൗധരി, മഹാരാഷ്ട്രയില്‍ ധൈര്യശീൽ പട്ടേല്‍, ഒഡീഷയില്‍ മമത മൊഹന്ത. രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ത്രിപുരയില്‍ രജീബ് ഭട്ടാചാരി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികൾ.
അതേസമയം, കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക.
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന രണ്ട് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ നവംബര്‍ മൂന്നിനും, മഹാരാഷ്ട്രയില്‍ നവംബര്‍ 26നും നിയമസഭയുടെ കാലാവധി കഴിയും. ഇതില്‍ ആദ്യഘട്ടമായാണ് ഹരിയാനയിലെയും കശ്മീരിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.കശ്മീരിനൊപ്പം ഹരിയാനയും സന്ദര്‍ശിച്ച കമ്മീഷന്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും സന്ദര്‍ശിച്ചിരുന്നില്ല. ജാര്‍ഖണ്ഡില്‍ ഡിസംബറിലേ നിയമസഭയുടെ കാലാവധി കഴിയുന്നുള്ളൂ. വൈകി പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കാനാകും സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം