Asianet News MalayalamAsianet News Malayalam

മുസ്ലീങ്ങളെ 1947 ൽ പാകിസ്ഥാനിലേക്ക് അയക്കണമായിരുന്നു; വീണ്ടും വിവാദപ്രസ്താവനയുമായി ​ഗി​രിരാ​ജ് സിം​ഗ്

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും 2015 ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്ലിം അഭയാർഥികൾക്ക് മാത്രമാണ് പൗരത്വ നിയ ഭേദ​ഗതിയിലൂടെ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 

union minister giriraj singh again with hate speech
Author
Delhi, First Published Feb 21, 2020, 9:16 AM IST

പട്ന: 1947 ൽ തന്നെ എല്ലാ മുസ്ലീങ്ങളെയും പാകിസ്ഥാനിലേക്ക് അയക്കേണ്ടതായിരുന്നു എന്ന വിദ്വേഷ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ​ഗിരിരാജ് സിം​ഗ്. "രാജ്യത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്പ് (മുഹമ്മദ് അലി) ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടിയാണ് പരിശ്രമിച്ചത്. നമ്മുടെ പൂർവ്വികർക്ക് സംഭവിച്ച ഈ വീഴ്ചയ്ക്ക് നാം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അക്കാലത്ത് മുസ്ലീം സഹോദരന്മാരെ എല്ലാം അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇവിടേയ്ക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ അവര്‍ എവിടെപ്പോകും? '' ‌ബീഹാറിലെ പൂർണിയയിൽ സംസാരിക്കവേ ആയിരുന്നു സിം​ഗിന്റെ ഈ വാക്കുകൾ. 

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ അമുസ്ലിമായ അഭയാർഥികൾക്ക് മാത്രമാണ് പൗരത്വ നിയമ ഭേദ​ഗതിയില്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യൻ പൗരത്വം പരീക്ഷിക്കുന്നതിനായി മതത്തെ ഉപയോ​ഗിക്കുകയാണെന്നും വിമർശകർ പറയുന്നുണ്ട്. പൗരത്വം തെളിയിക്കാൻ സാധിക്കാത്ത മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ലക്ഷ്യമാക്കുന്നതെന്നും വിമർശകർ കൂട്ടിച്ചേർക്കുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ മതപീഡനത്തിന് വിധേയരാകുന്നവരെ സഹായിക്കാനാണ്  പൗരത്വ നിയമ ഭേദ​ഗതി എന്നാണ് സർക്കാരിന്റെ വിശദീകരണം.

മുസ്ലീങ്ങളോടുള്ള കടുത്ത അനിഷ്ടം പലതവണ പരസ്യമായി പ്രകടിപ്പിച്ച മന്ത്രിയാണ് ഗിരിരാജ് സിംഗ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഇസ്ലാമിക മതപഠനശാലയെ 'ഭീകരതയുടെ ഉറവിടം' എന്നായിരുന്നു ​ഗിരിരാജ് സിം​ഗ് വിശേഷിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനുശേഷം, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ 65 വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടുണ്ട്. അതിൽ 61 എണ്ണം ബിജെപിയിൽ നിന്നുള്ളതാണെന്ന് എൻഡിടിവി നടത്തിയ വിശകലനത്തിൽ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios