Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിൽ അറസ്റ്റിൽ

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്

Union Minister Narayan Rane arrested in Maharashtra
Author
Mumbai, First Published Aug 24, 2021, 3:55 PM IST

മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര രത്നഗിരി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മർദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ കുടുക്കിയത്.

Read More: നാരായണ്‍ റാണെയ്ക്ക് വിനയായത് ഉദ്ധവ് താക്കറയെ തല്ലുമെന്ന പ്രസ്‍താവന; തമ്മില്‍ തല്ലി ബിജെപിയും ശിവസേനയും

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ചിപ്ലുനിൽ വച്ച് രത്നഗിരി എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടിപ്രവർത്തകർക്കിടയിൽ നിന്ന് നാരായൺ റാണയെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ ജൻ ആശീർവാദ് യാത്രയ്ക്കിടെയാണ് റായ്ഗഡിൽ വച്ച് നാരായൺ റാണെ പ്രകോപനപരമായ പ്രസംഗം നടക്കിയത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ സ്വാതന്ത്ര്യം കിട്ടിയ വർഷം മുഖ്യമന്ത്രിക്ക് ഓർമ്മ വന്നില്ലെന്നും താൻ വേദിയിലുണ്ടായിരുന്നെങ്കിൽ തല്ലിയേനെയെന്നുമായിരുന്നു റാണെയുടെ വാക്കുകൾ.

പിന്നാലെ  പൂണെയിലും നാസിക്കിലും റായ്ഗഡിലുമായി ആകെ നാല് കേസുകൾ നാരായൺ റാണെക്കെതിരെ രജിസ്റ്റർ ചെയ്തു. റാണെ സന്ദർശനം നടത്തിയതിന്‍റെ പേരിൽ ബാൽ താക്കറെയുടെ പ്രതിമയ്ക്ക് ചുറ്റും കഴിഞ്ഞ ആഴ്ച പാലും ചാണകവും തളിച്ച് ശിവ സേനാ പ്രവർത്തകർ, പുതിയ വിവാദത്തിൽ അക്രമാസക്തരായി. ബിജെപി ഓഫീസുകൾ പലയിടത്തും ശിവസേന പ്രവർത്തകർ ആക്രമിച്ചു.ചിലയിടത്ത് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.

നാരായൺ റാണെയുടെ വാക്കുകളെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ വേട്ടയാടലിന് ഇട്ടുകൊടുക്കില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ശിവസേനാ പ്രവർത്തകനായിരുന്ന നാരായൺ റാണെ 1999ൽ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്നു. 2005ൽ ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്നു. 2019 ലായിരുന്നു ബിജെപിയിലേക്കുള്ള പ്രവേശനം. കേന്ദ്ര എംഎസ്എംഇ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

Follow Us:
Download App:
  • android
  • ios