ഭോപ്പാല്‍: കേന്ദ്രസഹമന്ത്രി പ്രഹ്‌ളാദ്‌ സിങ്‌ പട്ടേലിന്റെ മകനെ കൊലപാതകശ്രമത്തിന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മധ്യപ്രദേശിലെ നരസിംഗ്‌പൂരിലുണ്ടായ ഏറ്റുമുട്ടലിനിടെ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റ സംഭവത്തിലാണ്‌ അറസ്റ്റ്‌. ഒരു ബിജെപി എംഎല്‍എയുടെ മകനും കേസില്‍ പ്രതിയാണ്‌.

പ്രഹ്‌ളാദ്‌സിങ്ങിന്റെ മകന്‍ പ്രബല്‍ പട്ടേലും ഏഴുപേരും ചേര്‍ന്ന്‌ നാല്‌ പേരെ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചെന്നാണ്‌ കേസ്‌. അക്രമത്തില്‍ തലയ്‌ക്ക്‌ പരിക്കേറ്റ ഈശ്വര്‍ റായി എന്ന അമ്പതുകാരന്റെ നില അതീവഗുരുതരമാണ്‌. പ്രബലിനോടും സുഹൃത്തുക്കളോടും രണ്ട്‌ യുവാക്കള്‍ കയര്‍ത്തുസംസാരിച്ചതിനെത്തുടര്‍ന്നാണ്‌ ഇവര്‍ പ്രകോപിതരായതും അക്രമം നടത്തിയതും.

യുവാക്കളെ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം ഇവരെയും കൊണ്ട്‌ പ്രബലും കൂട്ടരും ഈശ്വര്‍ റായിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ മകന്‍ മുമ്പ്‌ പ്രബലിന്റെ സുഹൃത്തായിരുന്നു. ഇവരുടെ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ്‌ ഇരുകൂട്ടര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും അക്രമത്തില്‍ കലാശിച്ചതും. ഈശ്വര്‍ റായിയുടെ വീട്ടിലെത്തിയ പ്രബല്‍ അദ്ദേഹത്തിന്റെ മകനെയും വിളിച്ചിറക്കി മര്‍ദ്ദിച്ചു. തടയാന്‍ ചെന്ന ഈശ്വര്‍ റായിക്കും മര്‍ദ്ദനമേറ്റു.

സംഭവം നിര്‍ഭാഗ്യകരമാണ്‌.നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ. കൂടുതലൊന്നും പറയാനില്ല എന്നാണ്‌ മന്ത്രി പ്രഹ്‌ളാദ്‌ സിങ്‌ സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചത്‌. അദ്ദേഹത്തിന്റെ അനന്തിരവനാണ്‌ മറ്റൊരു പ്രതിയായ മോനു പട്ടേല്‍. മോനുവിന്റെ പിതാവ്‌ ജലംസിങ്‌ പട്ടേല്‍ മധ്യപ്രദേശ്‌ എംഎല്‍എയും മുന്‍ മന്ത്രിയുമാണ്‌. തന്റെ മകന്‍ തെറ്റ്‌ ചെയ്‌തിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ അവന്‍ സ്ഥലത്തില്ലായിരുന്നെന്നുമാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. മോനു ഇപ്പോള്‍ ഒളിവിലാണ്‌.

അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ടതാണ്‌ പ്രബല്‍ സിങ്‌ ഉള്‍പ്പെട്ട അക്രമസംഭവമെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. നര്‍മ്മദ നദിയില്‍ നിന്ന്‌ മണല്‍ വാരുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ ഹോം ഗാര്‍ഡായ ഈശ്വര്‍ റായിയുയും മകനും ആക്രമിക്കപ്പെടാന്‍ കാരണമെന്ന്‌ പൊലീസും അന്വേഷിക്കുന്നുണ്ട്‌.