പൂനെ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ 'ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞെ മതിയാകൂവെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പരാമർശവുമായി ധർമേന്ദ്ര പ്രധാൻ രം​ഗത്തെത്തിയിരിക്കുന്നത്. പൂനെയിൽ നടന്ന എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി

 “ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി എന്താണ്? ഒരു വശത്ത് രാജ്യത്തിന്റെ പൗരത്വം പരിഗണിക്കണോ വേണ്ടയോ എന്നത്. ഉദ്ദം സിംഗിന്റെ ജീവത്യാ​ഗം പാഴായിപ്പോകയാണോ? ഭഗത് സിംഗിന്റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ജീവതാഗ്യം പാഴായിപ്പോകയാണോ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ആളുകളാണ് പൊരുതിയത്. നമ്മുടെ പൗരന്മാരെ കണക്കാക്കണോ വേണ്ടയോ എന്ന് ഈ രാജ്യം ചർച്ച ചെയ്യും. രാജ്യത്തെ ഒരു സത്രമാക്കി മാറ്റാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ? ഈ രാജ്യത്ത് വരുന്ന ആരെയും ഇവിടെ താമസിക്കാൻ അനുവദിക്കണോ?ഈ വെല്ലുവിളിയെ നാം നേരിടണം. ഒരു കാര്യം വ്യക്തമായി പറയാം. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവർക്ക് മാത്രമേ ഇന്ത്യയിൽ ജീവിക്കാൻ സാധിക്കൂ “- ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. വ്യവസായത്തിൽ വർദ്ധിച്ചുവരുന്ന യന്ത്രവൽക്കരണത്തിനിടയിൽ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണാൻ എബിവിപി പോലുള്ള സംഘടനകൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.