ദില്ലി: ജെഎൻയു വിലെ അക്രമസംഭവങ്ങൾക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ക്യാമ്പസുകൾ രാഷ്ട്രീയ പോർക്കളങ്ങളാക്കി മാറ്റരുതെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ. ''ഞാനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്. അതു തന്നെ വീണ്ടും ആവർത്തിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ പോർക്കളങ്ങളാക്കി മാറ്റരുത്. അങ്ങനെ ചെയ്താൽ അത് നമ്മുടെ വിദ്യാർത്ഥികളുടെ ഭാവിയെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കും.'' ജെഎൻയുവിലെ അക്രസംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. രാഷ്ട്രീയ ആയുധങ്ങളായി വിദ്യാർത്ഥികൾ മാറരുതെന്നാണ് തന്റെ ആ​ഗ്രഹമെന്നും ഇവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോ​ഗിക പദവിയിലിരുന്ന് ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും സ്മൃതി ഇറാനി പറ‍ഞ്ഞു. ജനുവരി 5 ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) ക്യാമ്പസിനുള്ളിൽ അക്രമം നടന്നത്. മുഖംമൂടിയണിഞ്ഞ്,  കയ്യിൽ ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി, ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ഈ അക്രമസംഭവങ്ങൾ ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. അക്രമത്തിൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 28 ഓളം പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 

2016 ൽ സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന കാലത്താണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് അന്നത്തെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തത്.