പണ്ട് ഗുജറാത്ത്‌ മോഡൽ പറഞ്ഞതിന് സിപിഎം  പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ കോൺഗ്രസിന് മടിയില്ലായിരുന്നെന്ന് വി മുരളീധരൻ

ദില്ലി: എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്ന് പുറത്താക്കിയതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്. തല മൂടി വച്ചാൽ യാഥാർഥ്യം, യാഥാർഥ്യമല്ലാതാവുന്നില്ല, വി മുരളീധരൻ പറഞ്ഞു. 

"പണ്ട് ഗുജറാത്ത്‌ മോഡൽ പറഞ്ഞതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ കോൺഗ്രസിന് മടിയില്ലായിരുന്നു. കോൺഗ്രസിന്‍റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവർ ആ പാർട്ടിയിൽ ഒരുപാടുണ്ട്" മന്ത്രി പറഞ്ഞു.

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല. ബിജെപി യുടെ നയങ്ങളോട് യോജിക്കുന്ന ആർക്കും ബിജെപി യിലേക്ക് വരാമെന്നും വരാൻ താല്പര്യപ്പെട്ടാൽ പാർട്ടി ആലോചിക്കുമെന്നും വി മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫേസ്ബുക്ക്‌ പോസ്റ്റിട്ടത്തിന് പാർട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിക്കൊണ്ട് കോൺഗ്രസ് കടുത്ത നടപടി കൈക്കൊണ്ടത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് വിശദീകരണം.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.