ദില്ലി: ജമ്മുകശ്മീരില്‍ തിരുമല മാതൃകയില്‍ ക്ഷേത്രം നിര്‍മ്മാണത്തിന് 100 ഏക്കര്‍ ഭൂമി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ജമ്മു കത്ര പാതയില്‍ ജമ്മു ജില്ലയിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി നല്‍കാനുള്ള നീക്കം. ക്ഷേത്രത്തിനായി രണ്ട് സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ക്ഷേത്രത്തിനായി ഭൂമി വിട്ടുനല്‍കുക. നിര്‍മ്മാണം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് ദ് ഹിന്ദുവിലെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സ്ഥലം അനുവദിക്കാന്‍ ജമ്മു കശ്മീര്‍ ഭരണാധികാരികളുമായി ധാരണയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തോടൊപ്പം വേദം അഭ്യസിക്കാനുള്ള വിദ്യാലയവും ആശുപത്രിയും നിര്‍മ്മിക്കും. തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിലെ അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും ക്ഷേത്രം നിര്‍മ്മിക്കുക. ജമ്മുവിലുള്ള ധുമ്മി, മജിന്‍ എന്നീ സ്ഥലങ്ങളാണ് നിലവില്‍ ക്ഷേത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗമോഹന്‍ റെഡ്ഢിയുടെ നിര്‍ദേശപ്രകാരം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. പദ്ധതിയുടെ വിശദ വിവരങ്ങള്‍ ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. തിരുമല സന്ദര്‍ശിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വക്താവ് പാര്‍ലമെന്‍റ് അംഗം കൂടിയായ വി വിജയ് സായ് റെഡ്ഢി പറഞ്ഞു.

ക്ഷേത്രം, വിവാഹ മണ്ഡപം, ഹാള്‍, ആശുപത്രി എന്നിവയുടെ നിര്‍മ്മാണത്തിന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡും വിശ്വാസികളുമാവും പണം കണ്ടെത്തുക.  ജമ്മു ഏറെ ശാന്തമായ സ്ഥലമാണ്. എല്ലാ അര്‍ത്ഥത്തിലും അവിടെ ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണ്. വൈഷ്ണോ ദേവി ക്ഷേത്ര പാതയിലാണ് തിരുമല ക്ഷേത്രവും നിര്‍മ്മിക്കുക. സുരക്ഷ, എത്തിച്ചേരാനുള്ള സൗകര്യം, ജല ലഭ്യത എന്നിവ കണക്കിലെടുത്ത ശേഷം സ്ഥലത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് സൂചന.