ദില്ലി: മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ ഭാ​ഗമായി അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സ‍ർക്കാർ. വിവിധ മന്ത്രാലയങ്ങളുടേയും വിദ​ഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നി‍ർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിൻ്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. 

ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കും എന്നതാണ് നി‍ർണായക പ്രഖ്യാപനം. മെട്രോ സ‍ർവീസുകളും ഇക്കാലയളവിൽ ഉണ്ടാവില്ല. എന്നാൽ അഭ്യന്തര ട്രെയിൻ സ‍ർവ്വീസുകളും വിമാന സർവ്വീസുകളും കൂടുതൽ സജീവമാകും. അതേസമയം വന്ദേഭാരത് മിഷൻ കൂടാതെ ചാ‍ർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസ‍ർവ്വീസുകൾ. 

രാഷ്ട്രീയ-സാംസ്കാരിക-സ്വകാര്യ കൂട്ടായ്മകൾക്കുള്ള നിയന്ത്രണം അതേരീതിയിൽ തുടരും. ബാറുകളും അടഞ്ഞു കിടക്കും. രാത്രി കർഫ്യു 10 മണി മുതൽ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ നിയന്ത്രണം തുടരും. സിനിമതിയേറ്റർ, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നി‍ർദേശിക്കുന്നത്. 

അണ്ലോക്ക് രണ്ടിനുള്ള മാർഗ്ഗനിർദേശം കേന്ദ്ര അഭ്യന്തരമന്ത്രാലയം സജ്ജമാക്കിയതിന് പിന്നാലെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നാളെ വൈകിട്ട് നാല് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് സംസാരിക്കുക.