ദില്ലി: ഉന്നാവ് ബലാത്സം​ഗക്കേസിൽ ഇരയായ പെൺകുട്ടിയെ യുപിയിലെ ആശുപത്രിയിൽ നിന്നും ദില്ലിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തേക്കും. പെൺകുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ നിർദ്ദേശം സർക്കാർ ലഖ്‌നൗവിലെ കിംഗ്‌ ജോർജ് ആശുപത്രി അധികൃതരെ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും കിംഗ്‌ ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പെൺകുട്ടി സഞ്ചരിച്ച് കാർ അപകടത്തിൽപ്പെട്ടതുൾപ്പടെയുള്ള കേസിൽ വാദം കേൾക്കുന്നതിനിടെ പെൺകുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു. അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ നേരത്തെയുള്ള വിലയിരുത്തൽ. ഇത് സംബന്ധിച്ച് തലസ്ഥാനത്ത് മെഡിക്കൽ ബോർഡ് യോ​ഗം ചേരും.