Asianet News MalayalamAsianet News Malayalam

ഉന്നാവ് സംഭവം; യുവതിയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി

  • അതീവഗുരുതരാവസ്ഥയിലാണ് യുവതിയെന്നും, 70 ശതമാനത്തോളമാണ് ദേഹത്ത് പൊള്ളലേറ്റിരിക്കുന്നതെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്
  • വീട്ടിൽ നിന്ന് കോടതിയിലേക്ക് പോയ യുവതിയെ പ്രതികൾ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു
Unnao rape and murder attempt case Yogi adithyanath government assures medical support
Author
Unnao, First Published Dec 5, 2019, 3:10 PM IST

ലഖ്‌നൗ: ഉന്നാവിൽ പീഡനത്തിന് ഇരയായ 23 കാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതികൾക്ക് എതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗത്തിനിരയായെന്ന് പരാതി നൽകിയ യുവതിയെ ജീവനോടെ ചുട്ടുകൊല്ലാൻ പ്രതികൾ ശ്രമിച്ചിരുന്നു. 23-കാരിയായ ഉന്നാവ് സ്വദേശിനിയെയാണ് പ്രതികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 

യുവതിയുടെ ദേഹത്ത് എഴുപത് ശതമാനം പൊള്ളലേറ്റു. ഇവരെ അതീവ ഗുരുതരാവസ്ഥയിൽ ലഖ്‍നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉന്നാവ് പൊലീസ് പിടികൂടിയിട്ടുണ്ട്. 

ഈ വർഷം മാർച്ച് മാസത്തിലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ഇതേത്തുടർന്ന് ഉന്നാവ് പൊലീസിൽ യുവതി പ്രതികൾക്കെതിരെ പരാതി നൽകുകയും ചെയ്തു.  എന്നാൽ പ്രതികൾ ഒളിവിലാണെന്ന് കാരണം പറഞ്ഞ് പൊലീസ്, അന്വേഷണം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് യുവതി വീണ്ടും പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് നടപടിയെടുത്തില്ല. ഇന്ന് കേസിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് ഇവ‍ര്‍ ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്ന് കോടതിയിലേക്ക് പോയ യുവതിയെ പ്രതികൾ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിൽ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. അതീവഗുരുതരാവസ്ഥയിലാണ് യുവതിയെന്നും, 70 ശതമാനത്തോളമാണ് ദേഹത്ത് പൊള്ളലേറ്റിരിക്കുന്നതെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ലഖ്‍നൗവിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. 

ആക്രമിച്ചവരിൽ ഒരാൾ ബലാത്സംഗക്കേസിലെ പ്രതിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ ഒളിവിലായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ നിലയിലും ആക്രമിച്ചവരുടെ വിവരങ്ങൾ യുവതി പൊലീസിന് നൽകി. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികളിൽ രണ്ട് പേർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Follow Us:
Download App:
  • android
  • ios