Asianet News MalayalamAsianet News Malayalam

ഉന്നാവ് യുവതിയെ കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനകം തൂക്കി കൊല്ലണം: സ്വാതി മലിവാൾ

  • ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്
  • ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്
Unnao rapists should be hanged within a month says Swati maliwal delhi commission for women chief
Author
Delhi, First Published Dec 7, 2019, 7:58 AM IST

ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. കേന്ദ്രസ‍ര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഉന്നാവിൽ മരണത്തിന് കീഴടങ്ങിയ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. 

ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. 

90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളം എന്ന് മെഡിക്കൽ ബോർഡ്‌ പരിശോധനകൾക്ക് ശേഷം വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയിരുന്നു. 

വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ ലക്നൗവില്‍ നിന്ന് ദില്ലിയിലെത്തിച്ചത്. ആദ്യം ഉന്നാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് ലക്നൗ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഇവരെ ദില്ലിയിലെ സഫ്ദ‍ര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ബേണ് ആൻഡ്‌ പ്ലാസ്റ്റിക്‌ സർജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഡോ ശലഭ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസിൽ യുവതിയെ ആക്രമിച്ച ആഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്റെ വീട്ടിലെത്തിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ റായ് ബറേലി കോടതിയിൽ വിചാരണയ്ക്കായി പോകുമ്പോഴാണ് വ്യാഴാഴ്ച ഇവരെ പ്രതികൾ ഉൾപ്പെട്ട സംഘം ആക്രമിച്ചത്. കേസിൽ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. 

Follow Us:
Download App:
  • android
  • ios