തന്റെ പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും, അദ്ദേഹം മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങുകയും തന്റെ സ്വത്തുക്കളെല്ലാം അവരുടെ പേരിലേക്ക് മാറ്റുകയും ചെയ്തേക്കുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചോദ്യം ചെയ്യലിനിടെ സുബ്രത് പൊലീസിനോട് പറഞ്ഞു.

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രമുഖ മരുന്ന് വ്യവസായി വിനീത് മനോച്ച (63) കൊല്ലപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പിതാവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈവിട്ടുപോകുമെന്ന ഭയത്താൽ ഏക മകൻ സുബ്രത് മനോച്ചയാണ് ക്വട്ടേഷൻ നൽകി പിതാവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ്. നേരത്തെ, കേസിൽ വിനീത് മനോച്ചയുടെ മരുമകൾ ശാലു മനോച്ചയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും മകൻ സുബ്രതാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് തെളിഞ്ഞു.

സെപ്റ്റംബർ 5-ന് പുലർച്ചെ കാൺപൂരിലെ വസതിയിലാണ് 60 കാരനായ വിനീത് മനോച്ച കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന സമയത്ത് അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. മകൻ സുബ്രതും ഭാര്യ ശാലുവും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. വിനീത് മനോച്ചയ്ക്ക് മറ്റ് ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് സ്വത്തുക്കൾ ആ സ്ത്രീക്ക് എഴുതിക്കൊടുക്കുമോ എന്ന ഭയത്തിലാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി.

തന്റെ പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും, അദ്ദേഹം മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങുകയും തന്റെ സ്വത്തുക്കളെല്ലാം അവരുടെ പേരിലേക്ക് മാറ്റുകയും ചെയ്തേക്കുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചോദ്യം ചെയ്യലിനിടെ സുബ്രത് പൊലീസിനോട് പറഞ്ഞു. പിടിയിലായാൽ കുറ്റം ഭാര്യ ശാലുവിന്റെ തലയിൽ കെട്ടിവെക്കണമെന്ന് ക്വട്ടേഷൻ സംഘത്തോട് സുബ്രത് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ വീട്ടുജോലിക്കാരനായ വിശാൽ ഗൗതം ആദ്യം ശാലുവിന്റെ പേരാണ് പൊലീസിനോട് പറഞ്ഞത്.

പ്രാഥമിക അന്വേഷണത്തിൽ, വിനീതിന്റെ മരുമകളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയും അവരെയും, മുൻ ജീവനക്കാരനായ വിശാൽ ഗൗതം, സഹായി രാജ്കിഷോർ എന്നിവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിശാലിനെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സുബ്രതിന്റെ പങ്ക് പുറത്തുവന്നത്. അന്വേഷണത്തിൽ പുതിയതായി വാങ്ങിയ ഒരു സിം കാർഡിൽ നിന്ന് വിനീത് സുബ്രതിനെ ആറ് തവണ വിളിച്ചതായി പിന്നീട് പോലീസ് കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 23-ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്താൻ 6 ലക്ഷം രൂപയാണ് സുബ്രത് ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആഡംബര ജീവിതത്തിനും ലഹരി, ചൂതാട്ട ശീലങ്ങൾക്കും അടിമയായിരുന്ന സുബ്രതിന് വിവിധ ബാങ്കുകളിലായി 40 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. മാസം തോറും 55,000 രൂപയോളം തിരിച്ചടവ് വേണ്ടിവന്നിരുന്ന സുബ്രതിന് പിതാവ് നൽകിയിരുന്ന തുക തികയുമായിരുന്നില്ല. ഇതോടെയാണ് പിതാവിനെ കൊന്ന് സ്വത്ത് കൈക്കലാക്കാൻ മകൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു, കൊലപാതക ഗൂഢാലോചനയിൽ പങ്കില്ലെന്ന് വ്യക്തമായതോടെ വിനീതിന്‍റെ ഭാര്യ ശാലുവിനെ കേസിൽ നിന്ന് ഒഴിവാക്കാനും കോടതി വഴി മോചിപ്പിക്കാനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.