ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ യുക്രെയ്‌‌നിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുകയാണെന്നും നിങ്ങളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അനുവദിക്കരുതെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് സെലെൻസ്കി ആവശ്യപ്പെട്ടു.

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ റഷ്യക്കെതിരെ രൂക്ഷ വിമർശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്‌‌നിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ 47 രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ചെന്ന് യുക്രെയ്‌ൻ സെലെൻസ്കി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യുക്രെയ്‌ൻ പ്രസിഡന്റ് ആരോപിച്ചു. ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ യുക്രെയ്‌‌നിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുകയാണെന്നും നിങ്ങളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അനുവദിക്കരുതെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് സെലെൻസ്കി ആവശ്യപ്പെട്ടു.

വിദേശ പൗരന്മാരെ വ്യാജ വാഗ്ദാനങ്ങളും ചതിക്കുഴികളും വഴി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സെലെൻസ്കി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. റഷ്യക്കാരല്ലാത്ത നിരവധി മനുഷ്യർ യുദ്ധക്കളത്തിൽ കൊല്ലപ്പെടുന്നത് ഞങ്ങൾ കാണുന്നുണ്ട്. കബളിപ്പിക്കലുകളിലൂടെയും വ്യാജ വാഗ്ദാനങ്ങളിലൂടെയും റഷ്യയിലെത്തിപ്പെട്ട നിങ്ങളുടെ പൗരന്മാരാണ് അവർ. നിങ്ങളുടെ പൗരന്മാരോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. അവരെ സംരക്ഷിക്കണം. പുടിന്റെ ഈ ഭ്രാന്തിന് നിങ്ങളുടെ പൗരന്മാരുടെ ജീവൻ ബലികൊടുക്കാൻ അനുവദിക്കരുത്. പുടിനെ ഈ യുദ്ധത്തിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്- സെലൻസ്കി പറഞ്ഞു.

റഷ്യയുടെ യുദ്ധ ശേഷിയെ തകർക്കാൻ അവരുടെ സാമ്പത്തിക സ്രോതസ്സുകളും വ്യാപാരവും പരിമിതപ്പെടുത്തണമെന്ന് സെലൻസ്കി ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു. റഷ്യയുമായുള്ള ഊർജ വ്യാപാരം കുറയ്ക്കാൻ ഇന്ത്യയോടും ചൈനയോടും തുർക്കിയോടും അദ്ദേഹം ആവശ്യപ്പെട്ടു. സെലെൻസ്കിയുടെ ഈ പ്രസംഗത്തോടെ വിദേശ പൗരന്മാരുടെ റിക്രൂട്ട്‌മെന്റ് വിഷയം ആഗോളതലത്തിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.

റഷ്യൻ സൈന്യത്തിൽ ഏകദേശം 227 ഇന്ത്യൻ പൗരന്മാർ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ 139 പേരെ മോചിപ്പിച്ചു. എന്നാൽ, യുദ്ധത്തിൽ ഇതുവരെ 51 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്നും നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഏജന്റുമാർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.