രാജ്യം മുഴുവന്‍ സിനിമ പ്രദർശിപ്പിക്കണമെന്നും,പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമകൾ കാണാൻ സാധിക്കുന്നതെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ലക്നൗ:ഉത്തർപ്രദേശ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഒരുമിച്ച് കേരള സ്റ്റോറി സിനിമ കണ്ടു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥടക്കമുള്ളവർ ലക്നൗവിലെ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. രാജ്യം മുഴുവന് സിനിമ പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമകൾ കാണാൻ സാധിക്കുന്നതെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബം​ഗാളിനെപറ്റിയുള്ള സത്യവും വൈകാതെ പുറത്തുവരുമെന്നും മൗര്യ പറഞ്ഞു.

വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറി പശ്ചിമബംഗാളില്‍ നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നടപടി ഭരണ ഘടന വിരുദ്ധമാണെന്നും,സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വാദം സാങ്കല്‍പികമാണെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചത്.സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകരുമെന്ന കാരണം പറഞ്ഞാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചത്.

കേരള സ്റ്റോറി സിനിമയെ പിന്തുണച്ച് മുൻ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കേരള സ്റ്റോറി എല്ലാവരും കാണണം. സിനിമയെ വിമര്‍ശിക്കുന്നവരാണ് വിഘടനവാദത്തിന് ഇടയാക്കുന്നതെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു