അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല-അദ്ദേഹം പറഞ്ഞു. 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് (Uttarpradesh) നഗരമായ അസംഗഢിന്റെ(Azamgarh) പേര് മാറ്റുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(Yogi Adityanath). അസംഗഢില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 'അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല'-അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഖിലേഷ് യാദവ് വിമര്‍ശിച്ചു. യോഗി ആദിത്യനാഥും അമിത് ഷായും അസംഗഢിലെ വികസനം കണാന്‍ പോയിട്ടുണ്ട്. കഴിഞ്ഞ നാലര വര്‍ഷമായി മുഖ്യമന്ത്രി ഒരു പദ്ധതിയും ഉദ്ഘാടനം ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ജനം അദ്ദേഹത്തെ വിശ്വസിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. നഗരങ്ങളും പേരും നിറവും മാറ്റലാണ് യുപി മുഖ്യമന്ത്രി പ്രധാനമായി ചെയ്യുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

യോഗത്തില്‍ സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷായും രംഗത്തെത്തി.ബിജെപി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവക്കൊപ്പം നില്‍ക്കുമ്പോള്‍ എസ്പി ജിന്ന, അസം ഖാന്‍, മുഖ്താര്‍ അന്‍സാരി എന്നിവരോടൊപ്പമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദി ജിന്നയെ അഖിലേഷ് യാദവ് പുകഴ്ത്തുകയാണെന്നും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ജിന്നയെ മഹദ് വ്യക്തിയായി അഖിലേഷ് കാണുകയാണെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അമിത് ഷാ പ്രശംസിച്ചു. പൂര്‍വാഞ്ചലിനെ മാഫിയകളില്‍ നിന്നും കൊതുകുകളില്‍ നിന്നും യോഗി മോചിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു. 

മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് യോഗി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയില്‍ ജാതീയത, പക്ഷഭേതം, പ്രീണനം എന്നിവ ഇല്ലാതാക്കിയെന്നും അമിത് ഷാ പ്രശംസിച്ചു. 2015ന് മുമ്പ് സംസ്ഥാനത്തിന്റെ എക്കോണമി ആറാമതായിരുന്നു. ഇപ്പോള്‍ രണ്ടാമതാണ്. അഖിലേഷ് യാദവിന്റെ ഭരണത്തില്‍ അസംഗഢ് തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നെങ്കില്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു.