മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു സംഘം പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ പച്ചക്കറി നിറച്ചുവച്ച ഉന്തുവണ്ടികള്‍ മറച്ചിടുന്ന വീഡിയോ പുറത്ത്. സംഭവ സമയം ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. നാല്‍പ്പത് സെക്കന്‍റ് മാത്രമുള്ള വീഡിയിയില്‍ പൊലീസുകാരിലൊരാള്‍ ഇടുങ്ങിയ വഴിയില്‍ നിര്‍ത്തിയിട്ട ചെറിയ ഉന്തുവണ്ടിയിലെ പച്ചക്കറി മുഴുവന്‍ തള്ളി താഴയിടുകയും തൊട്ടടുത്തുള്ള കാലിയായ ഉന്തുവണ്ട് മറിച്ചിടുകയും ചെയ്യുന്നത് വ്യക്തമാണ്. 

ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന പൊലീസ് മാര്‍ച്ചിനിടെയാണ് സംഭവം. കൊവിഡ് 19 ഹോട്ട്സ്പോട്ടായ പ്രദേശത്തുനിന്നുമുള്ള ദൃശ്യങ്ങളാണ് ഇതെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഡോ. അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു. 

242 കൊവിഡ് കേസുകളില്‍ മീററ്റാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവരുള്ള ജില്ല. 72 ജില്ലകളിലായി 300 ലേറെ ഹോട്ട്സ്പോട്ടുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഈ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണിലാണ്. അത്യാവശ്യസാധനങ്ങളായ പാല്‍ പച്ചക്കറി എന്നിവ വീട്ടിലെത്തിക്കാന്‍ സംവിധാനം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. 

രണ്ട് മാസത്തോളമായി ലോക്ക്ഡൗണിലുള്ള ഈ പ്രദേശത്ത് ഭക്ഷണം ലഭിക്കാതെ ആളുകള്‍ പട്ടിണിയിലിരിക്കെയാണ് ഒരു വണ്ടി പച്ചക്കറി പൊലീസ് നശിപ്പിച്ചതെന്ന് സമാജ്‍വാദി പാര്‍ട്ടി എംഎല്‍എ ഹാജി റഫീഖ് പറഞ്ഞു. സംഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.