ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി യുപി ഡിജിപി. കര്‍ണ്ണാടകത്തിന് പിന്നാലെയാണ് യുപിയിലും ഈ ആവശ്യം ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പൊലീസ് മേധാവി ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഡിജിപി കത്തയച്ചിരിക്കുന്നത്.

കർണാടകത്തിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ നേരത്തെ തന്നെ സംസ്ഥാന സർക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മന്ത്രിമാരും സമാന നിലപാടെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഈ രണ്ട് സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻകുമാർ കട്ടീലും മന്ത്രിമാരും ഈ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. "കശ്മീരിലേതിന് സമാനമായ അക്രമമാണ് മംഗളൂരുവിൽ പൊലീസിന് നേരെയുണ്ടായത്. ഇതിന് പിന്നിൽ എസ്‌ഡിപിഐയാണ്. അതിനാൽ ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കും," എന്നായിരുന്നു നളിൻകുമാർ കട്ടീൽ പറഞ്ഞത്.

 മന്ത്രിമാരായ എസ് സുരേഷ്‌കുമാറും സിടി രവിയും സമാനമായ നിലപാട് ആവർത്തിച്ചു. പരിഷ്കൃതമായ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഘടനയാണ് എസ്‌ഡിപിഐയെന്ന് മന്ത്രി സുരേഷ്‌കുമാർ പറഞ്ഞു.