ഒരു ചായക്കാടക്കാരന്‍, ഒരു ഗൃഹനാഥരന്‍, ഒരു യുവതി, വീട്ടമ്മ എന്നിവര്‍ തൊഴില്‍ അവസരം, ക്രമസമാധാനം, സ്ത്രീ സുരക്ഷ, പൊതുവിതരണം എന്നിവയില്‍ യോഗി സര്‍ക്കാര്‍ കാലത്ത് വലിയ മാറ്റം സംഭവിച്ചുവെന്നതാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്പോള്‍ അടുത്തഘട്ടം വീഡിയോ പരസ്യങ്ങളുമായി ബിജെപി രംഗത്ത്. ടിവി ചാനലുകളിലും, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കാണിക്കുന്നതിനായി നാലോളം വീഡിയോകളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. മുന്‍പ് യുപി ഭരിച്ച എസ്.പിയുടെ ഭരണകാലത്തെയും, അഞ്ച് കൊല്ലത്തെ ബിജെപിയുടെ യോഗി സര്‍ക്കാര്‍ ഭരണത്തെയും താരതമ്യം ചെയ്യുന്ന രീതിയിലാണ് പരസ്യം.
ഒരു ചായക്കാടക്കാരന്‍, ഒരു ഗൃഹനാഥരന്‍, ഒരു യുവതി, വീട്ടമ്മ എന്നിവര്‍ തൊഴില്‍ അവസരം, ക്രമസമാധാനം, സ്ത്രീ സുരക്ഷ, പൊതുവിതരണം എന്നിവയില്‍ യോഗി സര്‍ക്കാര്‍ കാലത്ത് വലിയ മാറ്റം സംഭവിച്ചുവെന്നതാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്. യുപിയിലെ ചാനലുകളിലും, ഓണ്‍ലൈന്‍ വഴിയും പരസ്യം പ്രക്ഷേപണം ആരംഭിച്ചു. നയം സത്യസന്ധം, നടപടി ഫലപ്രദം എന്നതാണ് പരസ്യത്തിന്‍റെ ടാഗ് ലൈന്‍.
പ്രചരണം ചൂട് പിടിക്കുന്നു
ജനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും മുന്‍ സര്‍ക്കാരുകള്‍ യുപിയെ തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് വെര്‍ച്വല്‍ റാലിയില്‍ പ്രധാനമന്ത്രി സംസാരിച്ചത്. ബിജെപി അധികാരത്തിലെത്തും മുന്‍പുണ്ടായിരുന്ന സര്‍ക്കാര്‍ വീണ്ടും വന്നാല്‍ ഗുണ്ടാഭരണമായിരിക്കും ഉത്തര്‍പ്രദേശിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാജ്‍വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യം കാര്‍ഷിക വിഷയങ്ങളടക്കം സജീവമാക്കി പ്രചാരണത്തില്‍ നിറയുമ്പോള്‍ സമാജ്‍വാദി പാര്‍ട്ടി ഏറെ പഴികേട്ട ക്രമസമാധാനം ആദ്യഘട്ടത്തിലെ അവസാനവട്ട പ്രചാരണത്തില്‍ ചര്‍ച്ചയാക്കി സത്രീകളുടേതടക്കം പിന്തുണ ഉറപ്പാക്കാനാണ് ബിജെപി നീക്കം .
അതേസമയം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ കരിമ്പ് കര്‍ഷകരും തൊഴിലാളികളും പ്രതിഷേധം നടത്തുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ പരാതികള്‍ സര്‍ക്കാര്‍ പ്രതികാരത്തോടെ അവഗണിക്കുകയാണന്നാണ് കര്‍ഷകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വില തകര്‍ച്ചയും, കിട്ടാനുള്ള ഭീമമായ കുടിശികയില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നത് കര്‍ഷക രോഷം ഇരട്ടിയാക്കുകയാണ്. കരിമ്പ് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ 40 ലക്ഷത്തോളം കര്‍ഷകരാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. സഹകരണ മേഖലിയിലേത് ഉള്‍പ്പടെ 150 ഓളം വരുന്ന ഷുഗര്‍ മില്ലുകളില്‍ നിന്നായി 2000 കോടിയോളം രൂപ കുടിശിക കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. നിലവില്‍ സാധാരണ കരിമ്പിന്‍റെ താങ്ങുവില ക്വിന്‍റലിന് 340 രൂപയും ഗുണനിലവാരം കൂടിയതിന് 350 രൂപയുമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 35 രൂപ മാത്രമാണ് താങ്ങുവിലയിലുണ്ടായ വര്‍ധന. ക്വിന്‍റലിന് 425 രൂപയായി ഉയര്‍ത്തണമെന്ന് ഭാരതീയ കിസാന്‍ യൂണിയനടക്കം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. കര്‍ഷകരുടെ പണം നല്‍കാത്ത മില്ലുടമകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കേവലം തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി മാത്രമേ കര്‍ഷകരും തൊഴിലാളികളും കാണുന്നുള്ളു.
