2017 ല്‍ എൻഡിഎക്ക് 49 സീറ്റ് കിട്ടിയ മേഖലയില്‍ ഇത്തവണ എസ് പി യും ബി ജെ പിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ (UP Election 2022) ആറാം ഘട്ടം നാളെ നടക്കും. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath), സ്വാമി പ്രസാദ് മൗര്യ, അജയ് കുമാര്‍ ലല്ലു എന്നിവർ ഈ ഘട്ടത്തില്‍ ജനവിധി തേടും. 2017 ല്‍ എൻഡിഎക്ക് 49 സീറ്റ് കിട്ടിയ മേഖലയില്‍ ഇത്തവണ എസ് പി യും ബി ജെ പിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

2017 ല്‍ കൂറ്റൻ വിജയം നേടിയ മേഖലയില്‍ വിജയം ആവർത്തിക്കാൻ വലിയ പ്രചാരണമാണ് ബി ജെ പി നടത്തിയത്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ മോദിയുടെയും യോഗിയുടെയും മികവില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍ സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പിന്നോക്ക വിഭാഗം നേതാക്കളെ അടര്‍ത്തിയെടുത്ത് നടത്തിയ നീക്കം ഇവിടെ ഗുണം ചെയ്യുമെന്ന് സമാജ്‍വാദി പാർട്ടിയും ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ ബി എസ് പിയുടെ പ്രകടനമാണ് പൂര്‍വാഞ്ചല്‍ മേഖലയിലെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ പോകുന്ന ഘടകം. ത്രികോണ മത്സരത്തിന് വഴിയൊരുക്കാൻ ബി എസ് പിക്ക് കഴിഞ്ഞാല്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഇവിടെ ചിതറുമെന്നും മത്സരം എളുപ്പമാക്കുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. ഗോരഖ്പൂര്‍ അര്‍ബൻ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഞ്ചു മന്ത്രിമാരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ഉത്തര്‍പ്രദേശ് അഞ്ചാംഘട്ടം വിധിയെഴുതി; പ്രതീക്ഷയോടെ ഭരണപക്ഷവും പ്രതിപക്ഷവും

ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, എസ് പി സ്ഥാനാര്‍ത്ഥിയായി സഭാവതി ശുക്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചേതന പാണ്ഡെ എന്നിവരാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുന്നത്. ഇന്ന് വാരണാസിയില്‍ എത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പം റാലിയില്‍ പങ്കെടുക്കും. ഇതിനിടെ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ വിവാദ പരാമർശത്തെ വിമർശിച്ച് യുക്രൈന്‍ രക്ഷാദൗദ്യവും ചർച്ചയാക്കാൻ ശ്രമിക്കുകയാണ് സമാജ്‍വാദി പാര്‍ട്ടി. സ്വന്തം പിഴവുകളെ മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കാന്‍ശ്രമിക്കുകയാണ് ബി ജെ പിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…