അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ നല്ല പോളിംഗ്  നടന്നു. വോട്ടെടുപ്പിനിടെ പ്രതാപ് ഗഡ് ജില്ലയിലെ സമാജ് വാദി പാര്‍ട്ടി സഥാനാര്‍ത്ഥി ഗുല്‍ഷാന്‍ യാദവിനെതിരെ ആക്രമണ ശ്രമമുണ്ടായി. 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ (UP election fifth phase) അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ 60.1 ശതമാനം പോളിംഗ്. അവധ്, പൂര്‍വ്വാഞ്ചല്‍ മേഖലകളിലായി 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതിയത്. അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ നല്ല പോളിംഗ് നടന്നു. വോട്ടെടുപ്പിനിടെ പ്രതാപ് ഗഡ് ജില്ലയിലെ സമാജ് വാദി പാര്‍ട്ടി സഥാനാര്‍ത്ഥി ഗുല്‍ഷാന്‍ യാദവിനെതിരെ ആക്രമണ ശ്രമമുണ്ടായി. ഇതേ തുടര്‍ന്ന് സുരക്ഷ കൂട്ടി. കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും കൂടി 50 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചും, ബിഎസ്പിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റ് കിട്ടിയപ്പോള്‍ ഒരു മണ്ഡലം സ്വതന്ത്രനെയും പിന്തുണച്ചിരുന്നു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപൂര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. എന്നാല്‍ കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. 


രാമക്ഷേത്ര നിര്‍മ്മാണം തന്നെയാണ് അവാധ് പൂര്‍വ്വാഞ്ചല്‍ മേഖലകളിലെ ബിജെപിയുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ക്ഷേത്ര നിര്‍മ്മാണത്തോടെ കുടിയൊഴിപ്പക്കപ്പെടുന്നവരുടെ പ്രതിഷേധം നിലനില്‍ക്കുന്ന അയോധ്യയിലെ അടിയൊഴുക്കുകളെ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. റായ്ബറേലി, അമേത്തി മണ്ഡലങ്ങളിലെ ജനവിധിയോടെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഭാവി ചിത്രം ഏതാണ്ട് തെളിയും. പിന്നാക്ക ദളിത് വിഭാഗങ്ങളില്‍ സ്വാധീനമുള്ള ചെറുകക്ഷികളെ ഒപ്പം ചേര്‍ത്തുള്ള സമാജ് വാദി പാര്‍ട്ടിയുടെ പരീക്ഷണത്തിനുള്ള മറുപടി കൂടിയാകും അഞ്ചാംഘട്ടത്തിലെ ജനവിധിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവര്‍ത്തിക്കുന്നു', വിമര്‍ശനവുമായി വീണ്ടും യോഗി ആദിത്യനാഥ്

കേരളത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചു. 'കേരളത്തില്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമില്ല'.രാഷ്ടീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. യുപിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് കേരളത്തില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയില്‍ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു. യുപിയില്‍ ബിജെപി ഭരണം ആവര്‍ത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം,ജനങ്ങളുടെ ആശിര്‍വ്വാദത്തോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വന്‍ വികസനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുപിയില്‍ ഉണ്ടായത്. കണ്ണില്ലാത്തവര്‍ മാത്രമേ യുപിയില്‍ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.