ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ല. തുടർച്ചയായ ചോദ്യങ്ങൾ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു.

ലഖ്നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ (Samajwadi Party) വിമർശനവുമായി കോൺ​ഗ്രസ് (Congress) നേതാവ് പ്രിയങ്ക ഗാന്ധി (Priyanka Gandhi). സമാജ് വാദി പാർട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയമെന്നാണ് പ്രിയങ്കയുടെ വിമർശനം. ഒരേതരം രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇരു പാർട്ടികളുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ഒരേ അജണ്ടയാണ്. പരസ്പരം അതിൻറെ ഗുണഫലം ഇരുപാർട്ടികളും അനുഭവിക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ല. തുടർച്ചയായ ചോദ്യങ്ങൾ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം. 

YouTube video player

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റ മുഖം താന്‍ ആണെന്ന് പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിയാരെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുപിയില്‍ എന്‍റെ മുഖമല്ലാതെ മറ്റാരുടയെങ്കിലും കാണുന്നുണ്ടോ. എന്‍റെ മുഖമല്ലെ എല്ലായിടത്തും എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് യുപിയിലെ നേതാവ് താൻ തന്നെയെന്ന തരത്തിലുള്ള പ്രഖ്യാപനം പ്രിയങ്ക നടത്തിയത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് ഉത്തർപ്രദേശിൽ ഇന്നലെ യുവ പ്രകടന പത്രിക പുറത്തിറക്കിയത്. 8 ലക്ഷം വനിതകൾ ഉൾപ്പെടെ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് യുപിയിലെ കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്ദാനം. ബിജെപിയുടെ കാഴ്ചപ്പാട് പരാജയപ്പെട്ടുവെന്നും പുതിയ ബദൽ കോണ്‍ഗ്രസ് യുപിയിലൂടെ അവതരിപ്പിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ഉണ്ടായാല്‍ സമാന മനസ്കരുമായി ചേർന്ന് യുപില്‍ സർക്കാർ രൂപികരിക്കുമെന്നാണ് പ്രിയങ്കഗാന്ധി പറയുന്നത്. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് മുന്നോട്ടു പോകണം എന്ന ആവശ്യം നേരത്തെ പാർട്ടിയിൽ ഉയർന്നിരുന്നു.