ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച കൊറോണ കർഫ്യൂ ഒഴിവാക്കിയതായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 600 ന് താഴെയെത്തിയ സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം വാരാന്ത്യങ്ങളിലും രാത്രി സമയത്തും ഉള്ള നിയന്ത്രണങ്ങൾ തുടരും. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിൽ നിന്നും കർഫ്യൂ ഒഴിവാക്കി. സംസ്ഥാനത്ത് സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 14,000 ആണ്. ഓരോ ജില്ലയിലും 600 ൽ താഴെയാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. 

പ്രവർത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക വക്താവ് പറഞ്ഞു. നൈറ്റ് കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും. ബുധനാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 797 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ സംസ്ഥാനത്ത് 14000 കൊവിഡ് കേസുകളാണ് സജീവമായിട്ടുള്ളത്. തിങ്കളാഴ്ച 2.85 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തി. സംസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് 0.2 ആണ്. അതേ സമയം രോ​ഗമുക്തി നിരക്ക് 97.9  ശതമാനത്തിലേക്ക് ഉയർന്നു. 

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് പുതിയ തീരുമാനം. കൊവിഡിന്റെ രണ്ടാം തരം​ഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായി ഏപ്രിൽ 30  നാണ് സംസ്ഥാനത്ത് കൊറോണ കർഫ്യൂ ഏർപ്പെടുത്തിയത്. ആരോ​ഗ്യ സംരക്ഷണ സംവിധാനങ്ങളുടെ വർദ്ധന, ടെലി കൺസൾട്ടേഷൻ, സമയബന്ധിതമായി ലഭ്യമാക്കിയ സൗജന്യ മെഡിസിൻ കിറ്റുകൾ, വീടുകളിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞിരുന്ന രോ​ഗികൾക്ക് ഓക്സിജൻ എന്നിവ ലഭ്യമാക്കിയതാണ് സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് ശമനമുണ്ടാകാൻ കാരണമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona