ലഖ്നൗ: സര്‍വകലാശാലാ ക്യാമ്പസുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളെ എല്ലാം ഒരേ നിയമത്തിന്‍റെ കീഴിലാക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. 

രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും മതേതരത്വവും പ്രചരിപ്പിക്കുന്നതിന് പകരമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലാ ക്യാമ്പസുകളില്‍ നടത്തരുതെന്നാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സര്‍വകലാശാലകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പുതിയതായി രൂപീകരിച്ച സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്.

സര്‍വകലാശാലകളിലെ ഫീസ് നിരക്ക് നിയന്ത്രിക്കുക, പഠന നിലവാരം ഉയര്‍ത്തുക, സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയും ഉത്തര്‍പ്രദേശ് പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് പ്രകാരം അഡ്മിഷന്‍ പ്രോസസ്സും ഫീസ് നിരക്കും സര്‍വകലാശാലകള്‍ വെളിപ്പെടുത്തണം. ഒരു വര്‍ഷത്തിനുള്ളില്‍ ഓര്‍ഡിനന്‍സിലെ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.