ഭട്ടിൻഖേഡ: ഉത്തർപ്രദേശിലെ ഭട്ടിൻഖേഡയിൽ ബലാത്സംഗക്കേസ് പ്രതികൾ തന്നെ തീ കൊളുത്തി കൊന്ന ഉന്നാവിലെ യുവതിയ്ക്ക് സ്മാരകമുണ്ടാക്കാൻ യുപി സർക്കാർ. ഇതിന് വേണ്ട നിർമാണസാമഗ്രികളും മറ്റും പൊലീസടക്കമുള്ളവർ സ്ഥലത്ത് കൊണ്ടുവന്ന് ഇറക്കി. ഇതറിഞ്ഞ കുടുംബം എത്തി നിർമാണം തടഞ്ഞു. ആദ്യം നീതി തരൂ, എന്നിട്ട് മതി സ്മാരകമെന്ന് യുവതിയുടെ സഹോദരി പൊട്ടിത്തെറിച്ചു. 

യുവതിയുടെ സംസ്കാരച്ചടങ്ങുകൾ നടന്ന ഭട്ടിൻഖേഡയിലെ സ്മാരകത്തിൽ തന്നെയാണ് കട്ടകളും കോൺക്രീറ്റും ചെയ്ത് സ്മാരകമുണ്ടാക്കാൻ യു പി സർക്കാർ തീരുമാനിച്ചത്. യുവതിയെ പ്രതികൾ തന്നെ തീ കൊളുത്തിക്കൊന്നത് രാജ്യത്തുണ്ടാക്കിയ ജനരോഷം ചില്ലറയല്ല. യുപി സർക്കാരിനെതിരെ രോഷമിരമ്പി. ഇതേ സ്ഥലത്ത് നിന്നാണ് ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സെംഗാറിനെതിരെ ബലാത്സംഗപ്പരാതി നൽകിയ യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് ജനരോഷം തണുപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ ഇതേക്കുറിച്ച് യുവതിയുടെ വീട്ടുകാർക്ക് ഒരു അറിവുമുണ്ടായിരുന്നില്ല. ജില്ലാ ഭരണകൂടമോ പൊലീസോ ഇത് കുടുംബത്തെ അറിയിച്ചിരുന്നുമില്ല. ഇഷ്ടികയും മണ്ണുമിറക്കി നിർമാണം ന‍ടത്താൻ തുടങ്ങിയപ്പോൾ നാട്ടുകാർ യുവതിയുടെ വീട്ടിൽ വിവരമറിയിച്ചു. യുവതിയുടെ സഹോദരിയുടെ നേതൃത്വത്തിൽ ശ്മശാനത്തിലേക്ക് ഒരു വലിയ സംഘം നാട്ടുകാർ ഇരമ്പിയെത്തി. നിർമാണം തടഞ്ഞു.

''ഇതെന്ത് പ്രഹസനമാണിത്?'', യുവതിയുടെ സഹോദരി ക്ഷോഭത്തോടെ ചോദിക്കുന്നു. നീതി നടപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കട്ടെ. എന്നിട്ട് മതി സ്മാരകനിർമാണം. ''ഞങ്ങളുടെ വീട്ടിൽ ചടങ്ങുകൾ നടക്കുകയാണ്. എട്ട് ദിവസത്തെ മരണാനന്തരച്ചടങ്ങുകൾ പോലും പൂർത്തിയായിട്ടില്ല. അതിനിടയിൽ ധൃതി പിടിച്ച് ആർക്ക് വേണ്ടിയാണ് ഈ സ്മാരകനിർമാണം? ഇതെന്തിനാണ് ഈ മണ്ണും കട്ടയും ഇവിടെ കൊണ്ടുവന്ന് ഇറക്കിയിരിക്കുന്നത്? ഇത്രയും കാലം ഞങ്ങൾ നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടും ആരും ഞങ്ങളുടെ കൂടെ നിന്നില്ല. ഇന്ന് എന്‍റെ സഹോദരി ജീവിച്ചിരിപ്പില്ല. ഒരു കാര്യം ഉറപ്പിച്ച് പറയാം, ഇവിടെ ഈ സ്മാരകം നിർമിക്കാൻ ഞങ്ങൾ സമ്മതിക്കില്ല'', എന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോവുകയായിരുന്നു യുവതി. ഇതിനിടെയാണ് ഉന്നാവിൽ യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ (ഒളിവിലായിരുന്നു എന്ന് പറയപ്പെടുന്ന പ്രതികൾ) പട്ടാപ്പകൽ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തുന്നതിന് മുമ്പ് അവരെ മർദ്ദിച്ച പ്രതികൾ, ദേഹത്ത് പല തവണ കുത്തുകയും ചെയ്തിരുന്നു. തീ കൊളുത്തിയതോടെ അലറിക്കരഞ്ഞ യുവതി ഓടിയത് അരക്കിലോമീറ്ററോളമാണ്. 

ആശുപത്രിയിലേക്ക് പോകുംവഴിയും ഇവർക്ക് സ്വബോധമുണ്ടായിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരെക്കുറിച്ചും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുമുണ്ട്.

''പുലർച്ചെ നാല് മണിക്ക് വീടിനടുത്തുള്ള റയിൽവേ സ്റ്റേഷനിൽ നിന്ന് റായ്ബറേലിക്കുള്ള ട്രെയിൻ പിടിക്കാൻ പോവുകയായിരുന്നു ഞാൻ. അഞ്ച് പേർ അവിടെ എന്ന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം അവരെന്നെ വളഞ്ഞു. കാലിൽ അടിച്ചു. കഴുത്തിൽ കത്തികൊണ്ട് കുത്തി. അതിന് ശേഷം ദേഹത്ത് പെട്രോളൊഴിച്ചു. എന്‍റെ ദേഹത്ത് തീ കൊളുത്തി'', ഉന്നാവിലെ ആശുപത്രിക്കിടക്കയിൽ വച്ച് യുവതി മൊഴി നൽകി.

യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുഭം ത്രിവേദി അടക്കമുള്ള പ്രതികൾ കേസിൽ ജാമ്യത്തിലിറങ്ങിയത് അഞ്ച് ദിവസം മുമ്പാണ്. ഇതിന് ശേഷമാണ് ഇവർ യുവതിയെ ആസൂത്രണം ചെയ്ത് ആക്രമിച്ചത്. അറസ്റ്റിലായ അഞ്ച് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. 

Read more at: ഉന്നാവ്: കൊല്ലപ്പെട്ട യുവതിയും പ്രതി ശിവം ത്രിവേദിയും ജനുവരിയിൽ വിവാഹിതരായെന്ന് പൊലീസ്