ദില്ലി: മുസഫര്‍പുര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിതള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഗീത് സോമിനെതിരെയുള്ള കേസുകളുടെ നിലവിലെ അവസ്ഥ തേടി നിയമമന്ത്രാലയം കത്തെഴുതി. 2003-2017 കാലയളവില്‍ ഏഴ് കേസുകളാണ് സംഗീത് സോമിനെതിരെ ചാര്‍ജ് ചെയ്തത്. 60 പേര്‍ കൊല്ലപ്പെട്ട  2013ലെ മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് സംഗീത് സോമിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജില്ല ഭരണകൂടത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കേസുകളുടെ സ്ഥിതി അന്വേഷിച്ച് കത്തെഴുതിയത്. കത്ത് ലഭിച്ചതായി ജില്ലാ അധികൃതര്‍ വ്യക്തമാക്കി. കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള സാധ്യതകള്‍ തേടിയാണ് കത്ത് എഴുതിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമിത് കുമാര്‍ സിംഗ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍, വിചാരണയുടെ ഘട്ടം, പരാതിയുടെ വിശദ വിവരങ്ങള്‍ എന്നിവയാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതികളെ സമീപിച്ചേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സംഗീത് സോമിന്‍റെ വാദം. പടിഞ്ഞാറന്‍ യുപിയിലെ സര്‍ധാന മണ്ഡലത്തിലെ എംഎല്‍എയാണ് സംഗീത് സോം.

2017ല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട 100 കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ 74 കേസുകള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു.