Asianet News MalayalamAsianet News Malayalam

Uttarpradesh : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടാബും സ്മാര്‍ട്ട് ഫോണുമായി യുപി സര്‍ക്കാര്‍; വിതരണം ഉടന്‍

4700 കോടി രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണുകളും ടാബുകളും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സാംസങ്, ലാവ, വിഷ്ടെല്‍, എയ്‌സര്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്.
 

UP govt to start distribution of free tablets, smartphones
Author
Lucknow, First Published Dec 1, 2021, 8:32 PM IST

ലഖ്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണും ടാബ്ലറ്റുകളും (smarst Phone and tablets) വിതരണം ചെയ്യാന്‍ യുപി സര്‍ക്കാര്‍ (UP Government). ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) പ്രഖ്യാപിച്ച പദ്ധതി ഡിസംബര്‍ പകുതിയോടെ ആരംഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. 4700 കോടി രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണുകളും ടാബുകളും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സാംസങ്, ലാവ, വിഷ്ടെല്‍, എയ്‌സര്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. 2500 കോടി രൂപ ടാബുകള്‍ വാങ്ങാനും 2200 കോടി രൂപ സ്മാര്‍ട്ട് ഫോണിനുമായാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. ആദ്യഘട്ടത്തില്‍ ഏകദേശം അഞ്ച് ലക്ഷം മൊബൈല്‍ ഫോണുകളും രണ്ടര ലക്ഷം ടാബുകളും വേണ്ടിവരുമെന്നാണ് കണക്ക്. ഡിസംബര്‍ ആദ്യ വാരത്തില്‍ നിര്‍മാണ ഓര്‍ഡര്‍ നല്‍കുമെന്നും ഡിസംബര്‍ 15ഓടെ വിതരണം തുടങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണുകളും ടാബുകളും വിതരണം ചെയ്യാനായി ഡിജി ശക്തി എന്ന പോര്‍ട്ടല്‍ ആരംഭിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ മുതല്‍ വിതരണമടക്കം എല്ലാം സൗജന്യമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കാനായി സര്‍വകലാശാലകള്‍ക്ക് കൈമാറണം. തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാര്‍ത്ഥികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പാരാമെഡിക്കല്‍, നഴ്‌സിങ്, മറ്റ് നൈപുണ്യ വികസന വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി ഫോണും ടാബും നല്‍കുക.

ആവശ്യമായ ഫോണുകളുടെയും ടാബുകളുടെയും നിര്‍മാണത്തിന്റെ 40 ശതമാനം ഡിസംബറിനുള്ളിലും ബാക്കി വരുന്ന രണ്ട് മാസത്തിനുള്ളിലും പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Follow Us:
Download App:
  • android
  • ios