ലക്നൗ: മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് ചെലവായ 2.5 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍. നേരത്തെ വിമര്‍ശനത്തെ  തുടര്‍ന്ന് തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച പണം അനുവദിച്ച് ഉത്തരവായതായി സര്‍ക്കാര്‍ അറിയിച്ചു. പണം ഉടന്‍ നല്‍കുമെന്നും യുപി ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു.

വാജ്പേയി അഞ്ച് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ലക്നൗവിലായിരുന്നു 2018 ഓഗസ്റ്റ് 23ന് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ നിര്‍ദേശ പ്രകാരം ലക്നൗ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ചടങ്ങ് നടത്തിയതും പണം ചെലവാക്കിയതും. വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്. 2018 ഓഗസ്റ്റ് 16നാണ് 93ാം വയസ്സില്‍ വാജ്പേയി അന്തരിച്ചത്.