2015ൽ കല്യാണ്‍പുരയിൽ അയൽക്കാര്‍ തമ്മിലുള്ള അടിപിടിക്കിടെ സോനുവിന്‍റെ അമ്മയുടെ തലക്ക് ഇടിവളകൊണ്ട് ഗുരുതരമായി പരിക്കേൽക്കകുയായിരുന്നു

ലഖ്നൗ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ ആക്രമിച്ചതിനുള്ള പ്രതികാരമായി യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ. ലഖ്നൗവിലെ ഇന്ദിരാനഗറിലെ കല്യാണ്‍പുരിലാണ് സംഭവം. റോഡരികിൽ കരിക്ക് വിൽക്കുന്ന മനോജ് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഡെലിവറി ബോയി ആയ സോനു കശ്യപും (21), ഇയാളുടെ സുഹൃത്തുക്കളായ സണ്ണി കശ്യപ് (20), സൽമാൻ (30), രഞ്ജിത്ത് കുമാര്‍ (21), റഹ്മത്ത് അലി (25) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരും കല്യാണ്‍പുര്‍ സ്വദേശികളാണ്. അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി മുഖ്യപ്രതിയായ സോനു കശ്യപ് കൊണ്ടുനടന്ന പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

2015ൽ തനിക്ക് 11 വയസുള്ളപ്പോഴാണ് അമ്മ ആക്രമിക്കപ്പെടുന്നതെന്നും അപ്പോള്‍ തനിക്കൊന്നും ചെയ്യാൻ കഴിയുന്ന പ്രായമായിരുന്നില്ലെന്നുമാണ് സോനു കശ്യപ് പൊലീസിന് നൽകിയ മൊഴി.2015ൽ സോനുവിന്‍റെ മാതാവിനെ മനോജിന്‍റെ കുടുംബത്തിലെ ഒരാള്‍ മര്‍ദിച്ചിരുന്നു. 

ഇന്ദിരാനഗറിലെ കല്യാണ്‍പുരയിൽ അയൽക്കാര്‍ തമ്മിലുള്ള അടിപിടിക്കിടെ സോനുവിന്‍റെ അമ്മയുടെ തലക്ക് ഇടിവളകൊണ്ട് ഗുരുതരമായി പരിക്കേൽക്കകുയായിരുന്നു. വാടകക്ക് താമസിക്കുന്നവര്‍ തമ്മിലാണ് അടിപിടിയുണ്ടായത്. സംഘര്‍ഷത്തിൽ തലക്ക് പരിക്കേറ്റ സോനുവിന്‍റെ അമ്മയുടെ മാനസിക നില തെറ്റിയെന്നും ഇപ്പോഴും അതിന്‍റെ പ്രശ്നങ്ങള്‍ തുടരുന്നുണ്ടെന്നും ഗാസിപുര്‍ എസിപി അനിന്ദ്യ വിക്രം സിങ് പറഞ്ഞു.

വര്‍ഷങ്ങളായി അമ്മയുടെ ദുരിതം കണ്ട വളര്‍ന്ന സോനുവിന് മനോജിനോടും കുടുംബത്തോടും അടങ്ങാത്ത പകയായി. 2015ൽ അമ്മയെ ആക്രമിക്കുന്നതും അപമാനിക്കുന്നതും നോക്കി നിൽക്കാനെ തനിക്ക് കഴിഞ്ഞിരുന്നുള്ളുവെന്നും പ്രായമായപ്പോള്‍ പ്രതികാരം ചെയ്യുന്നതിനായി മനോജിനെ തേടിയിറങ്ങുകയായിരുന്നുവെന്നും സോനു പൊലീസിനോട് പറഞ്ഞു. അന്ന് അമ്മയെ തനിക്ക് രക്ഷിക്കാനായില്ലെന്നും അമ്മയുടെ ഇപ്പോഴത്തെ മാനസികാവസ്ഥക്ക് കാരണം മനോജും കുടുംബവുമാണെന്നുമാണ് സോനു പൊലീസിന് നൽകിയ മൊഴി.

മനോജിന്‍റെ കുടുംബത്തിലെ ആരെയെങ്കിലും ആക്രമിക്കാനായിരുന്നു സോനുവിന്‍റെ പദ്ധതി. ഇതിനിടെ പ്രദേശത്തെ റോഡരികിൽ ഉന്തുവണ്ടിയിൽ കരിക്ക് വിൽക്കുന്ന മനോജിനെ കാണാനിടയായി. തുടര്‍ന്ന് മെയ് 22ന് രാത്രി മനോജിനെ ആക്രമിക്കാൻ സോനുവും സുഹൃത്തുക്കളും ചേര്‍ന്ന് ആസൂത്രണം ചെയ്തു. കൊല്ലാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും സംഘര്‍ ചേര്‍ന്നുള്ള മര്‍ദനത്തിൽ മനോജ് കൊല്ലപ്പെടുകയായിരുന്നുവെന്ന് എസിപി പറഞ്ഞു. ഇരുമ്പുവടി ഉപയോഗിച്ചാണ് മനോജിനെ ആക്രമിച്ചത്. കഴി‍ഞ്ഞ ദിവസമാണ് പ്രതികള്‍ അറസ്റ്റിലായത്.