ലക്നൗ: ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ 40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചെഴുതി. ഇനി മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും സ്വന്തം കീശയില്‍ നിന്ന് നികുതിയടയ്ക്കും. ഉത്തര്‍പ്രദേശില്‍ പതിറ്റാണ്ടുകളായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടച്ചിരുന്നത് പൊതുഖജനാവില്‍ നിന്നായിരുന്നു.

1981 വി പി സിംഗ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ 'വിചിത്ര നിയമം' നടപ്പാക്കിയത്. ബിജെപി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും മറ്റു മന്ത്രിമാരുടെയും നികുതി പൊതു ഖജനാവില്‍ നിന്ന് തന്നെയാണ് അടച്ചത്. മുമ്പ് കുറഞ്ഞ ശമ്പളം മാത്രമുണ്ടായിരുന്ന മന്ത്രിമാര്‍ക്ക് നികുതിയടയ്ക്കാനുള്ള സാമ്പത്തികശേഷി ഇല്ലെന്ന് പറഞ്ഞാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത്.

അക്കാലത്ത് മന്ത്രിമാരുടെ ശമ്പളം മാസം ആയിരം രൂപയാണെന്ന് ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സ് ആന്‍ഡ് മിസലേനിയസ് ആക്ട് 1981ല്‍ വ്യക്തവുമാണ്. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഈ നിയമം തുടരുന്നതിനെതിരെ മാധ്യമങ്ങളില്‍ അടുത്തിടെ വലിയ വിമര്‍ശനങ്ങളാണ് വന്നത്. ഇതോടെയാണ് ഈ നിയമം മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി മുതല്‍ യുപി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വന്തം നിലയില്‍ തന്നെ നികുതി അടയ്ക്കുമെന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.