4 ഘട്ടങ്ങളിലായി നടന്ന  തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ  700  അധ്യാപകർ  കൊവിഡ് വന്ന്  മരിച്ചെന്നും അതിനാൽ വോട്ടെണ്ണൽ മാറ്റി വയ്ക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

ദില്ലി: ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ നടത്താമെന്ന് സുപ്രീം കോടതി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശത്തോടെയാണ് ഉത്തരവ്. വോട്ടെണ്ണൽ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹർജിയിലാണ് നിർദേശം. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ഋഷികേശ് റോയിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. 800 വോട്ടെണ്ണല്‍ കേന്ദ്രങ്ങളഇും ക്ലാസ്1 ഓഫീസര്‍ നിരീക്ഷണം നടത്തുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കുമെന്നും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

സിസിടിവി ഉപയോഗിച്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ദൃശ്യങ്ങള്‍ റെക്കോര്‍ഡുചെയ്ത് സൂക്ഷിക്കുമെന്നും അവര്‍ കോടതിയെ അറിയിച്ചു. വോട്ടണ്ണല്‍ കേന്ദ്രത്തിന് പരിസരങ്ങളില്‍ കര്‍ശന കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ചുമതലപ്പെട്ടവര്‍ക്ക് മാത്രമാകും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.

വിജയാഹ്ളാദ പ്രകടനം അനുവദിക്കില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. 4 ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ 700 അധ്യാപകർ കൊവിഡ് വന്ന് മരിച്ചെന്നും അതിനാൽ വോട്ടെണ്ണൽ മാറ്റി വയ്ക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ