ലഖ്നൗ: ഹാഥ്രസ് പെൺകുട്ടിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് വീട്ടിൽ തങ്ങിയ വനിതാ ഡോക്ടർക്കെതിരെ അന്വേഷണം നടത്താൻ യുപി പൊലീസ് തീരുമാനിച്ചു. ഇവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഈ വനിതാ ഡോക്ടർക്ക് നക്സൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിലെ ഡോക്ടറായ രാജ് കുമാരി ബൻസാൽ ആണ് മൂന്നു ദിവസം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചത്. സീതാറാം യച്ചൂരിയടക്കമുള്ള ഇടത് നേതാക്കൾ വീട്ടിലെത്തിയപ്പോൾ രാജ് കുമാരി ബൻസാലായിരുന്നു കുടുംബത്തിനായി സംസാരിച്ചത്. 

എന്നാൽ, വാർത്തയറിഞ്ഞ് ആശങ്കപ്പെട്ടാണ് താൻ പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നും അവളുടെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് വീട്ടിൽ താമസിച്ചതെന്നുമാണ് രാജ് കുമാരി ബൻസാൽ പ്രതികരിച്ചത്. 

അതേസമയം, ഇടതുപക്ഷ എംപിമാർ ഇന്ന് ഹാഥ്റസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബം എംപിമാരെ കാണാൻ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. സിപിഎം, സിപിഐ, എൽജെഡി പാർട്ടികളുടെ എംപിമാരാണ് ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് ലഖ്നൗവിലേക്ക് മാറ്റും.