ആഗ്ര: രാജസ്ഥാനിലെ കോട്ടയില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ 300 ബസുകള്‍ അയച്ച് യുപി സര്‍ക്കാര്‍. ആഗ്രയില്‍ നിന്ന് 200, ഝാന്‍സിയില്‍നിന്ന് 100 ബസുകളാണ് അയച്ചത്. ഓരോ ബസുകളിലും 25 പേര്‍ വീതമാണ് യാത്ര ചെയ്യുക. ഭക്ഷണം, വെള്ളം, സാനിറ്റൈസേഴ്‌സ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രവേശന, മത്സര പരീക്ഷ പരിശീലനത്തിന് ഖ്യാതി നേടിയ സ്ഥലമാണ് കോട്ട. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോട്ടയിലെ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആയിരങ്ങളാണ് കുടുങ്ങിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. കുട്ടികള്‍ കുടുങ്ങി കിടക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് ലോക്ക്ഡൗണ്‍ ലംഘനമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളെ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് തൊഴിലാളികളെയും അനുവദിച്ചുകൂടെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാര്‍ പറഞ്ഞു. കുട്ടികളെ കൊണ്ടുപോകുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക്ഡൗണില്‍ ആളുകളെ യാത്ര ചെയ്യാനനുവദിക്കുന്നത് തടഞ്ഞിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുള്ള അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. എവിടെയാണോ നില്‍ക്കുന്നത് അവിടെ തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.