കാൻപൂരിലെ ഗ്രാമത്തിൽ രാത്രി സർവേക്കെത്തിയ ഗൂഗിൾ മാപ് സംഘത്തെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് കൈയ്യേറ്റം ചെയ്തു
കാൻപൂർ: ഗൂഗിൾ മാപ്പ് സർവേ സംഘത്തിന് ഉത്തർപ്രദേശിൽ മർദനമേറ്റതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ച് സർവേ നടത്താനായി കാൻപൂറിലെ ഗ്രാമത്തിൽ രാത്രിയെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മോഷ്ടാക്കളെന്ന് തെറ്റിച്ചാണ് ഗ്രാമവാസികൾ കൈയ്യേറ്റം ചെയ്തതെന്നാണ് വിവരം.
അടുത്തിടെ കള്ളന്മാരുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ കാറിലെത്തുന്നവരാണ് മോഷണം നടത്തുന്നതെന്ന് ആരോപിക്കുന്നു. ഇതിൻ്റെ ഭാഗമായി നാട്ടുകാർ രാത്രികാല നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലേക്കാണ് ഗൂഗിൾ മാപ് സർവേ സംഘമെത്തിയത്. പൊലീസിനെയോ മറ്റ് ഏജൻസികളെയോ അറിയിക്കാതെയായിരുന്നു ഗൂഗിൾ മാപ് സംഘത്തിൻ്റെ സർവേ.
ഓഗസ്റ്റ് 28 ന് രാത്രിയാണ് സംഭവം നടന്നത്. കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ചെത്തിയ ഇവരെ കണ്ടതും നാട്ടുകാർ സംഘടിച്ചെത്തി വളയുകയായിരുന്നു. അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി. ഇരു വിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസ് സംഘം രേഖകൾ പരിശോധിച്ചു. തങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഗൂഗിൾ മാപ് സർവേ സംഘത്തിൻ്റെ ലീഡർ സന്ദീപ് പൊലീസിനെ അറിയിച്ചു. ഇത് ബോധ്യപ്പെട്ടതോടെ പ്രശ്നം പരിഹരിച്ച് പൊലീസ് ഇരുവിഭാഗത്തെയും മടക്കി.

