ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ ആദ്യമായി ദില്ലിയിലെ ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചു. ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബാലെയാണ് സി പി സി സംഘത്തെ സ്വീകരിച്ചത്.
ദില്ലി: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സി പി സി) പ്രതിനിധികൾ ആദ്യമായി ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചു. ബി ജെ പി ഓഫീസിലെ സന്ദർശനത്തിന് പിന്നാലെയാണ് സി പി സി പ്രതിനിധികൾ ആർ എസ് എസ് ആസ്ഥാനത്തും എത്തിയത്. സി പി സിയുടെ അന്താരാഷ്ട്ര വകുപ്പിന്‍റെ (ഐ എൽ ഡി) ആറ് അംഗ പ്രതിനിധി സംഘമാണ് ബി ജെ പി - ആർ എസ് എസ് ആസ്ഥാനത്ത് എത്തി നേതാക്കളുമായി ചർച്ച നടത്തിയത്. സി പി സി സംഘത്തെ നയിച്ചത് സൺ ഹയാൻ ആണ്.
ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബാലെയാണ് സി പി സി സംഘത്തെ സ്വീകരിച്ചത്. സി പി സി നേതാക്കൾ ആർ എസ് എസ് ഉന്നതരുമായി നടത്തിയ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്- “സി പി സി വിദേശകാര്യ മന്ത്രാലയത്തോട് കൂടിക്കാഴ്ചയ്ക്കായി അഭ്യർത്ഥിച്ചു. ആർ എസ് എസ് അതിന് സമ്മതിച്ചു. ആർ എസ് എസ് ശതാബ്ദി വർഷത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്ട്രീയമായും നയതന്ത്രപരമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.”
രാജ്യ തലസ്ഥാനത്തിന്‍റെ ഹൃദയ ഭാഗത്ത് പുതുതായി നിർമിച്ച ആർ എസ് എസ് ആസ്ഥാനമായ കേശവ് കുഞ്ച് പരിസരം സി പി സി പ്രതിനിധി സംഘം ചുറ്റിനടന്നുകണ്ടു. 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ സമുച്ചയത്തിൽ 300 മുറികളുണ്ട്. 270 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൌകര്യവുമുണ്ട്.
സി പി സി പ്രതിനിധികൾ ബി ജെ പി ആസ്ഥാനത്ത് എത്തിയതിനെ മുസ്ലിം യൂത്ത് ലീഗ് ഓർഗനൈസിങ് സെക്രട്ടറി അഡ്വ ഷിബു മീരാൻ പരിഹസിച്ചു. 'സി ജെ പി അങ്ങനെ അന്താരാഷ്ട്ര പാർട്ടി ആയി' എന്നാണ് ഷിബു മീരാന്‍റെ പരിഹാസം. സി പി എം - ബി ജെ പി ബന്ധമെന്ന് പരിഹസിക്കാൻ യു ഡി എഫ് നേതാക്കൾ ഉപയോഗിക്കുന്ന വാക്കാണ് സി ജെ പി (കമ്യൂണിസ്റ്റ് ജനത പാർട്ടി).


