Asianet News MalayalamAsianet News Malayalam

കുടുംബ കോടതിയിൽ വച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി; പരാതിയുമായി ഭാര്യ

2012 ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ശേഷം സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുമായിരുന്നുവെന്ന് ആഫ്റോസ് നിഷയുടെ പരാതിയിൽ പറയുന്നു. 

up women claim her husband gave triple talaq in family court
Author
Lucknow, First Published Feb 9, 2020, 8:10 PM IST

ലക്നൗ: കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപ്പെടുത്തിയെന്ന ആരോപണവുമായി യുവതി. ഉത്തർപ്രദേശ് സ്വദേശിയായ ആഫ്റോസ് നിഷ എന്ന യുവതിയാണ് ഭർത്താവ് അബ്റാർ അലിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

2012 ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ശേഷം സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുമായിരുന്നുവെന്ന് ആഫ്റോസ് നിഷയുടെ പരാതിയിൽ പറയുന്നു. 2016 ൽ ഭർത്താവിന്റെ വീട് വിട്ടിറങ്ങിയ ഇവർ ഗാർഹിക പീഡനത്തിന് കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ എത്തിയതായിരുന്നു ഇരുവരും. ‌

കോടതി മുറിയിൽ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ മുത്തലാഖ് ചൊല്ലിയ ഭർത്താവ് ഇനി മുതൽ നീ എന്റെ ഭാര്യയല്ലെന്ന് പറയുകയായിരുന്നുവെന്നാണ് ആഫ്റോസ് നിഷ പരാതിയിൽ ആരോപിക്കുന്നത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ അബ്റാർ അലി രം​ഗത്തെത്തി. വാദത്തിനായി കോടതിയിലെത്തിയിരുന്നുവെന്നും പക്ഷെ ഭാര്യയെ അവിടെ കണ്ടിരുന്നില്ലെന്നുമാണ് ഇയാൾ പറയുന്നത്. ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇയാൾ വ്യക്തമാക്കി. 

എന്നാൽ, ആഫ്റോസ് നിഷയുടെ പരാതിയിൽ മുസ്ലിം വനിതകളുടെ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാലാമത്തെ മുത്തലാഖ് പരാതിയാണിതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios