വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ വോട്ടിന് വേണ്ടിയല്ല, ധർമവും അധർമവും തമ്മിലുള്ള പോരാട്ടം: സ്മൃതി ഇറാനി
എങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടും? പേരുമാറ്റം കുറുക്കനെ സിംഹമാക്കില്ലെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ പരിഹസിച്ച് സ്മൃതി ഇറാനി പറഞ്ഞു.
ഭോപ്പാല്‍: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയുടെ 'ജൻ ആശിർവാദ് യാത്ര'യുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
"ബ്രിട്ടീഷുകാർ വന്നു തിരിച്ചുപോയി. മുഗൾ സാമ്രാജ്യം അവസാനിച്ചു. പക്ഷെ ഞങ്ങൾ (സനാതന ധർമം) ഇപ്പോഴും ഇവിടെയുണ്ട്. നാളെയും ഇവിടെയുണ്ടാകും"- സ്മൃതി ഇറാനി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പോരാട്ടം ശ്രീരാമനില്‍ വിശ്വസിക്കുന്നവരും സോണിയാ ഗാന്ധിയുടെ അനുഗ്രഹത്തോടെ ശ്രീരാമനില്ലെന്ന് അവകാശപ്പെട്ട് കോടതിയിൽ രേഖകൾ സമർപ്പിക്കുന്നവരും തമ്മിലാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല. സനാതന ധർമത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട് ഇവിടെ. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതത്തെ സംരക്ഷിക്കും എന്നതാണ് തങ്ങളുടെ ദൃഢനിശ്ചയമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
14 ടെലിവിഷൻ അവതാരകരുടെ ഷോകൾ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ തീരുമാനിച്ചതിനെയും സ്മൃതി ഇറാനി വിമര്‍ശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ഗാന്ധി കുടുംബത്തിന് ഭയമാണെന്ന് അറിഞ്ഞില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. അവർ എങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടും? പേരുമാറ്റം കുറുക്കനെ സിംഹമാക്കില്ലെന്ന് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയെ പരിഹസിച്ച് സ്മൃതി ഇറാനി പറഞ്ഞു.
തമിഴ്നാട് മന്ത്രിയും എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സനാതന ധര്‍മത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം. ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം- "ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം."
പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി പ്രചരിപ്പിച്ചു. ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഡിഎംകെ എന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയാണെന്നും അവരുടെ അഭിപ്രായം തന്നെയാണോ കോണ്‍ഗ്രസിനെന്നും അമിത് മാളവ്യ ചോദിച്ചു.
എന്നാല്‍ ഉദയനിധിയുടെ മറുപടി ഇങ്ങനെയായിരുന്നു- "ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ?"- ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.