ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. ഉത്തരാഖണ്ഡിലെയും ഗോവയിലെയും വോട്ടെടുപ്പും നാളെ പൂർത്തിയാകും. ആദ്യഘട്ടത്തിനു ശേഷം യുപിയിൽ എസ്പി-രാഷ്ട്രീയ ലോക്ദൾ സഖ്യം വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.
ലഖ്നൌ: ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. ഉത്തരാഖണ്ഡിലെയും ഗോവയിലെയും വോട്ടെടുപ്പും നാളെ പൂർത്തിയാകും. ആദ്യഘട്ടത്തിനു ശേഷം യുപിയിൽ എസ്പി-രാഷ്ട്രീയ ലോക്ദൾ സഖ്യം വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.
രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നാളെ പൂർത്തിയാകും. ഗോവയിൽ നാല്പത് സീറ്റിലേക്കും ഉത്തരാഖണ്ടിൽ 70 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. ഉത്തരാഖണ്ടിൽ പലയിടത്തും മഞ്ഞുവീഴ്ച തുടരുകയാണ്.സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിക്കും ഇടയിൽ കടുത്ത മത്സരം നടക്കുന്നു എന്നാണ് സർവേകൾ നല്കിയ സൂചന. ഗോവയിൽ ആം ആദ്മി പാർട്ടി ഇത്തവണ ശക്തമായി രംഗത്തുണ്ട്.
പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് നടക്കുന്നത്. യുപിയിൽ ആദ്യ ഘട്ടത്തിൽ അറുപത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം അഖിലേഷ് യാദവ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ നല്കിയ ശേഷം വലിയ ആൾക്കൂട്ടമാണ് അഖിലേഷ് യാദവിൻറെ യോഗങ്ങളിൽ കാണുന്നത്.
രണ്ടാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമാണ്. ജയിലിലുള്ള അസംഖാനും മകൻ അബ്ദുള്ളയും മത്സരരംഗത്തുണ്ട്. ഇതുയർത്തിയായിരുന്നു ഈ മേഖലയിലെ ബിജെപി പ്രചാരണം. സുരക്ഷ വിഷയമാക്കിയുള്ള പ്രചാരണം വനിതാ വോട്ടർമാർ സ്വീകരിക്കുന്നു എന്നാണ് ബിജെപി വിലയിരുത്തൽ.
55-ൽ മൂന്ന് സീറ്റുകൾ ആർഎൽഡിക്കായി മാറ്റിവച്ച എസ്പിക്ക് ഈ ഘട്ടം പ്രധാനമാണ്. യുപിയിൽ ഇരുപത് ദിവസത്തെ പ്രചാരണമാണ് ഇനി ബാക്കിയുള്ളത്. പ്രധാനമന്ത്രിയെ കൂടുതൽ എത്തിച്ചുള്ള തന്ത്രത്തിനാണ് ബിജെപി സംസ്ഥാനത്ത് രൂപം നല്കുന്നത്.
