ഉയര്‍ന്ന വിജയം നേടാനായതിന്റെ സന്തോഷവും ആശ്ചര്യവും പങ്കുവച്ചതിനൊപ്പം കാമുകിക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ് കട്ടാരിയ.
ദില്ലി: 'റാങ്ക് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. ഈ വിജയം നേടാന്‍ എന്നെ അനുഗ്രഹിച്ച ദൈവത്തിനും എല്ലാവിധ പിന്തുണയും തന്ന് ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബത്തിനും നന്ദി.'- ഉന്നതപരീക്ഷകളില്‍ ഉയര്‍ന്നവിജയം നേടുമ്പോള്‍ റാങ്ക് കരസ്ഥമാക്കിയവര്‍ പറഞ്ഞ് നമ്മള്‍ കേള്‍ക്കുന്ന ക്ലീഷേ ഡയലോഗാണിത്. ദൈവത്തിനും അച്ഛനും അമ്മയ്ക്കും അധ്യാപകര്‍ക്കും ഒക്കെയല്ലാതെ പരസ്യമായി കാമുകിക്ക് നന്ദി പറഞ്ഞ ആരെക്കുറിച്ചെങ്കിലും ഇതുവരെ കേട്ടിട്ടുണ്ടോ,ഇല്ലല്ലോ ? അതിനൊരു അപവാദമായിരിക്കുകയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കനിഷ്‌ക കട്ടാരിയ.
പരസ്യമായി തന്റെ കാമുകിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഈ ഒന്നാം റാങ്കുകാരന്‍. ഇത്രയും ഉയര്‍ന്ന വിജയം നേടാനായതിന്റെ സന്തോഷവും ആശ്ചര്യവും പങ്കുവച്ചതിനൊപ്പം കാമുകിക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ് കട്ടാരിയ. "ആശ്ചര്യം നിറഞ്ഞ നിമിഷമാണിത്. ഒന്നാം റാങ്ക് കിട്ടുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും എന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഞാനൊരു നല്ല ഭരണനിര്‍വ്വഹകനായിരിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ തന്നെയാവുകയാണ് എന്റെ ലക്ഷ്യം." വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവേ കട്ടാരിയ പറഞ്ഞു.
എഎന്‍ഐ കട്ടാരിയയുടെ പ്രതികരണം ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്. ഇതാദ്യമായി ആയിരിക്കും ഒരു സിവില്‍ സര്‍വ്വീസ് ഒന്നാം റാങ്കുകാരന്‍ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്ന രീതിയിലാണ് കട്ടാരിയയെക്കുറിച്ചുള്ള ട്വീറ്റ് ആഘോഷിക്കപ്പെടുന്നത്. ഐഐടി ബോംബെയില്‍ നിന്ന് ബിരുദം നേടിയ കനിഷ്‌ക് കട്ടാരിയ രാജസ്ഥാന്‍ സ്വദേശിയാണ്.
